കൽപ്പറ്റ: ജില്ലയ്ക്ക് ആശ്വാസമേകുന്ന കണക്കുകളുമായി വീണ്ടുമൊരു ദിവസം കൂടി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ സമ്പർക്കവിലക്കിൽ കഴിഞ്ഞ് വന്ന 999 പേരുടെ നിരീക്ഷണം പൂർത്തിയായി. ആർക്കും രോഗലക്ഷണങ്ങളില്ല. ഇതോടെ ജില്ലയിൽ നിരീക്ഷണക്കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 1873 ആയി.
വ്യാഴാഴ്ച്ച പുതുതായി 14 പേരെ കൂടി നിരീക്ഷണത്തിലാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ 11,117 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ ആറ് പേർ ആശുപത്രിയിലാണ്. ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ച 213 സാമ്പിളുകളിൽ 15 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ലഭിച്ചവയിൽ 197 എണ്ണം നെഗറ്റീവാണ്.
കൊവിഡ് സ്ഥീരീകരിച്ച മൂന്ന് രോഗികളിൽ രണ്ട് പേർ കഴിഞ്ഞദിവസം രോഗവിമുക്തരായി ആശുപത്രി വിട്ടിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന തൊണ്ടർനാട്, കമ്പളക്കാട് സ്വദേശികളാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്. മൂന്നാമത്തെയാൾ ചികിൽസയിലാണ്. ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളിൽ 1242 വാഹനങ്ങളിലായി എത്തിയ 1904 ആളുകളെ സ്‌ക്രീനിങ്ങിന്റെ വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
വളം വിൽപ്പനശാലകൾ തുറക്കും
കൽപ്പറ്റ: ജില്ലയിലെ അംഗീകൃത വളം വിൽപ്പനശാലകൾക്ക് രാവിലെ 9 മുതൽ 2 വരെ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി.വിൽപ്പന കേന്ദ്രങ്ങളിൽ ആവശ്യത്തിന് വളം സ്റ്റോക്കുണ്ടെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ഉറപ്പ് വരുത്തും. ആവശ്യമെങ്കിൽ വളങ്ങൾ മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിൽപന നടത്തുമ്പോൾ ആരോഗ്യ മുൻകരുതൽ സ്വീകരിക്കണം.
മഹാമാരിക്കെതിരെ സന്ധിയില്ലാ പോരാട്ടവുമായി
ആരോഗ്യകേരളം
കൽപ്പറ്റ: അവധിയില്ലാതെ 32 ഡോക്ടർമാർ, മുഴുവൻസമയ രോഗീപരിചരണത്തിൽ ഏർപ്പെട്ട 100 സ്റ്റാഫ് നഴ്സുമാർ, അതാതു ദിവസത്തെ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് പൊതുജനങ്ങളിലെത്തിക്കാൻ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം ജീവനക്കാർ, വിമാനത്താവളങ്ങളിൽ വന്നിറങ്ങിയവരെ ഫോണിൽ വിളിച്ച് ആരോഗ്യവിവരം തിരക്കുന്ന ആർ.ബി.എസ്.കെ നഴ്സുമാർ, മാനസികരോഗ്യ പരിചരണത്തിൽ മുഴുകുന്ന കൗൺസലർമാർ, സിവിൽ സ്റ്റേഷനിലെ പനി ക്ലിനിക്‌കോൾ സെന്റർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ, അതിർത്തി ചെക്‌പോസ്റ്റുകളിലെ ഊർജിത പ്രതിരോധ പ്രവർത്തനം... കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ ആരോഗ്യവകുപ്പിനൊപ്പം ചേർന്നു പ്രവർത്തിക്കുകയാണ് ആരോഗ്യകേരളം ജീവനക്കാർ.
മുഴുവൻസമയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് ആരോഗ്യകേരളം വയനാട്ടിലെ 397 ജീവനക്കാർ. അധിക ജീവനക്കാരെ നിയമിക്കാൻ എച്ച്.ആർ വിഭാഗവും വേതനം അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാൻ അക്കൗണ്ട്സ് വിഭാഗവും ലോക്ഡൗൺ ദിവസങ്ങളിൽ സജീവമാണ്.
രണ്ടു സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും മൂന്നുവീതം ഡെന്റൽ സർജന്മാരും ആയുർവേദ ഡോക്ടർമാരും ഒരു യുനാനി ഡോക്ടറും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ്. 33 ലാബ് ടെക്നീഷ്യന്മാരും 50 ആർ.ബി.എസ്.കെ നഴ്സുമാരും ഉണ്ട്. അഞ്ച് ഹെൽത്ത് ബ്ലോക്കുകളാണ് ജില്ലയിൽ. ഓരോ ഹെൽത്ത് ബ്ലോക്കിന്റെയും ചുമതല അതാതു ബ്ലോക്ക് കോഓഡിനേറ്റർമാർക്കാണ്.
ജില്ലയിലെ ഡെലിവറി പോയിന്റുകളായ മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രികൾ, മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ പബ്ലിക് റിലേഷൻസ് ഓഫിസർമാരും പ്രവർത്തിക്കുന്നു. ഇവരുടെ ഏകോപന ചുമതല ഓഫിസ് പബ്ലിക് റിലേഷൻസ് ഓഫിസർക്കാണ്. റേഡിയോഗ്രാഫർ 9, ഫാർമസിസ്റ്റ് 16, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് 9, ജന്റർ ബേസ്ഡ് വയലൻസ് മനേജ്‌മെന്റ് കോഓഡിനേറ്റർ 1 (സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി), ആർ.കെ.എസ്.കെ കൗൺസലർ 4, മുണ്ടേരി അർബൻ പി.എച്ച്.സി 3, ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ ആന്റ് എം.ഐ.യു 9, ഐ.ഡി.എസ്.പി 3, ആർ.സി.എച്ച് ആന്റ് റേഡിയേഷൻ ഫിസിസിസ്റ്റ് 4, ആർ.എൻ.ടി.സി.പി 8, എൻ.പി.പി.സി.ഡി 3, പെയിൻ ആന്റ് പാലിയേറ്റീവ് 20, എൻ.പി.സി.ബി 6, എൻ.ആർ.സി 12, എൻ.സി.ഡി ആന്റ് ഫിസിയോതെറാപിസ്റ്റ് 11 എന്നിങ്ങനെയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട ആരോഗ്യകേരളം ജീവനക്കാരുടെ എണ്ണം. കോവിഡ് പശ്ചാത്തലത്തിൽ 13 മെഡിക്കൽ ഓഫിസർമാരെ പുതുതായി നിയമിച്ചിട്ടുണ്ട്. സ്റ്റാഫ് നഴ്സ് 10, ഫാർമസിസ്റ്റ് 16, ലാബ് ടെക്നീഷ്യൻ 9 എന്നിങ്ങനെയാണ് കോവിഡ് പ്രതിരോധത്തിന് അധികമായി നിയമിച്ച ജീവനക്കാരുടെ എണ്ണം. ഇതിനെല്ലാം പുറമെ ജില്ലാ പ്രോഗ്രാം മനേജർ ഡോ. ബി.അഭിലാഷിന്റെ നേതൃത്വത്തിൽ 20 ജീവനക്കാർ കൈനാട്ടിയിലെ ജില്ലാ ഓഫിസിൽ സേവനമനുഷ്ഠിക്കുന്നു.
ഫീൽഡ് തലത്തിൽ വിവരശേഖരണവും ബോധവൽക്കരണ പ്രവർത്തനങ്ങളുമായി 901 ആശമാരും പ്രവർത്തിക്കുന്നു.
(ചിത്രം)
ജോലിയിലേർപ്പെട്ട ആരോഗ്യകേരളം വയനാട് എച്ച്.ആർ വിഭാഗം ജീവനക്കാർ.