കൽപ്പറ്റ: കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്ന് നടത്തിയ കർശന പരിശോധനയിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഇന്നലെ 105 കേസുകൾ രജിസ്റ്റർ ചെയ്യുകയും 31 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും 80 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

മീനങ്ങാടി (22), കൽപ്പറ്റ (13), പുൽപ്പള്ളി (11), അമ്പലവയൽ (10), പനമരം(8), തൊണ്ടർനാട് (7), ബത്തേരി (6), കമ്പളക്കാട്, മാനന്തവാടി (5), കേണിച്ചിറ, വെള്ളമുണ്ട (4), മേപ്പാടി, വൈത്തിരി (3), തലപ്പുഴ (2), പടിഞ്ഞാറത്തറ, തിരുനെല്ലി (1) എന്നിങ്ങനെയാണ് കേസുകൾ.

ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇതുവരെ 1363 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 764 പേരെ അറസ്റ്റ് ചെയ്യുകയും 814 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങൾക്ക് പൊലീസ് കൈയ്യെത്തും ദൂരത്തുണ്ടെന്നും ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സേവനങ്ങൾ എത്തിച്ചുവരുന്നുണ്ടെന്നും അന്യ സംസ്ഥാന തൊഴിലാളികൾ, മുതിർന്ന പൗരന്മാർ, അവശത അനുഭവിക്കുന്നവർ തുടങ്ങിയവർക്കെല്ലാം അത്യാവശ്യ സേവനങ്ങളും ലഭ്യമാക്കിക്കൊടുത്തുവെന്നും അദ്ദേഹം അറിയിച്ചു. അവശ്യമരുന്നുകൾ തുടങ്ങിയവ എത്തിക്കുന്നതിനുള്ള സേവനപ്രവർത്തനങ്ങളിലും പൊലീസ് സജീവമാണ്. അത്യാവശ്യ കാര്യങ്ങൾക്കെല്ലാതെ പുറത്തിറങ്ങുന്നതിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു.