കൽപ്പറ്റ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ജില്ലയിൽ തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് 5 വരെ 6234 പേർക്ക് കിറ്റുകൾ വിതരണം ചെയ്തു. മാനന്തവാടി താലൂക്കിൽ 855 പേർക്കും, സുൽത്താൻ ബത്തേരി താലൂക്കിൽ 4521 പേർക്കും വൈത്തിരി താലൂക്കിൽ 858 പേർക്കുമാണ് കിറ്റ് ലഭിച്ചത്. ജില്ലയിലെ 50,093 എ.എ.വൈ മഞ്ഞ കാർഡ് ഉടമകൾക്കാണ് ആദ്യഘട്ടത്തിൽ കിറ്റ് നൽകുന്നത്.

പഞ്ചസാര, ഉപ്പ്, ചെറുപയർ, കടല, റവ, ഉഴുന്ന് (1 കിലോ വീതം), വെളിച്ചെണ്ണ (1/2 ലിറ്റർ), സൺഫ്ളവർ ഓയിൽ (1 ലിറ്റർ), ആട്ട (2 കിലോ), കടുക്, ഉലുവ, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി (100 ഗ്രാം വീതം), പരിപ്പ്, ചായപ്പൊടി (250 ഗ്രാം വീതം), സോപ്പ് (2 എണ്ണം) എന്നിവ അടങ്ങിയതാണ് കിറ്റ്.

മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ് വഴി തയ്യാറാക്കിയ കിറ്റുകൾ അതത് പ്രദേശത്തെ റേഷൻ കട വഴിയാണ് വിതരണം ചെയ്യുന്നത്. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട പിങ്ക് കാർഡ് ഉടമകൾക്കും മുൻഗണനേതര വിഭാഗത്തിലുള്ള നീല കാർഡ് ഉടമകൾക്കും വിഷുവിന് മുമ്പായി കിറ്റ് ലഭ്യമാക്കും. കിറ്റ് ആവശ്യമില്ലാത്തവർക്ക് ഡൊണേറ്റ് മൈ കിറ്റ് എന്ന സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റ് ഓപ്ഷനിലൂടെ അവ സംഭാവന ചെയ്യാം.

റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽ നിന്ന് സൗജന്യ കിറ്റ് വാങ്ങാം. ഇന്ന് (ദു:ഖ വെളളി) എല്ലാ റേഷൻ കടകൾക്കും അവധിയായിരിക്കുമെന്നും ശനിയാഴ്ച മുതൽ റേഷൻ കടകളിലൂടെയുളള സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം തുടരുമെന്നും ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.

കൽപ്പറ്റ മണിയങ്കോട് എ.ആർ.ഡി 3 ാം നമ്പർ റേഷൻ കടയിൽ നടന്ന ഭക്ഷ്യകിറ്റ് വിതരണം സി.കെ ശശീന്ദ്രൻ എം.എൽഎ നിർവ്വഹിച്ചു. കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിതാ ജഗദീഷ്, ജില്ലാ സപ്ലൈ ഓഫീസർ റഷീദ് മുത്തുകണ്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബത്തേരി താലൂക്കിലെ കിറ്റ് വിതരണം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പൂതാടി പഞ്ചായത്തിലെ എ.ആർ.ഡി 102 ൽ നിർവ്വഹിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രമണ്യൻ, വൈസ് പ്രസിഡന്റ് ശ്രീജ,വാർഡംഗം എ.ഡി പാർത്ഥൻ, താലൂക്ക് സപ്ലൈ ഓഫീസർ ജയപ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.താലൂക്ക് സപ്ലൈ ഓഫീസർ ടി.ഉസ്മാന്റെ നേതൃത്വത്തിലാണ് മാനന്തവാടി താലൂക്കിൽ വിതരണം നടത്തിയത്.
(ചിത്രം)

വിലവർദ്ധിപ്പിച്ചാൽ കർശന നടപടി
കൽപ്പറ്റ: ജില്ലാ ഭരണകൂടം നിശ്ചയിച്ച വിലയേക്കാൾ അവിശ്യസാധനങ്ങൾക്ക് വില കൂട്ടിയാൽ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി റവന്യൂ, സിവിൽ സപ്ലൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ 821 പരിശോധനകളിലായി124 കേസുകൾ കണ്ടെത്തി. 80000 രൂപ പിഴ ചുമത്തി. വിലവർദ്ധനവിനെതിരെ പരിശോധന കർശനമാക്കും.
ജില്ലയിൽ 92 ശതമാനം ആളുകൾക്ക് റേഷൻ വിതരണം ചെയ്തു. റേഷൻ കാർഡ് ഇല്ലാത്തവർക്ക് അധാർ കാർഡ് മുഖേന അരി വിതരണം ചെയ്യുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചൻ മുഖേന 1093 പേർക്ക് സൗജന്യ ഭക്ഷണം നൽകി. 26 പഞ്ചായത്തുകളിൽ 1422 പേർക്ക് സഹായ വിലയ്ക്ക് ഭക്ഷണം നൽകി. കോഴി വില പുനർനിശ്ചയിക്കാൻ ഇന്ന് യോഗം ചേരും. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന വിലയിൽ കോഴി വിൽപ്പന നടത്താൻ സാധിക്കില്ലെന്ന വിൽപ്പനക്കാരുടെ അഭ്യർത്ഥന പരിഗണിച്ചാണ് യോഗം ചേരുന്നത്.

അവലോകന യോഗം ചേരും

കൽപ്പറ്റ: ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് (ഏപ്രിൽ 10) രാവിലെ 10 ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരും.

നിരീക്ഷണ കാലയളവ് പൂർത്തിയാക്കി
9 പേർ കൂടി മടങ്ങി
കൽപ്പറ്റ: കോവിഡ് രോഗ പശ്ചാത്തലത്തിൽ തോൽപ്പെട്ടി, ബാവലി അതിർത്തികൾ വഴി അന്യ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 9 പേർ കൂടി സ്വന്തം വീടുകളിലേക്ക് മടങ്ങി. മാർച്ച് 26നാണ് ഇവർ ജില്ലയിലെത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് ഇവരെ ജില്ലാഭരണകൂടം കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. ജില്ലാ ഭരണകൂടം കോവിഡ് കെയർ സെന്ററുകളാക്കി മാറ്റിയ സ്വകാര്യ ലോഡ്ജിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം, കൊല്ലം, വയനാട് സ്വദേശികളായിരുന്നു ഇവർ. മികച്ച സേവനമാണ് ലഭിച്ചതെന്ന് ഇവർ പറഞ്ഞു. വീടുകളിൽ നിരീക്ഷണത്തിൽ തുടരണമെന്ന നിർദ്ദേശത്തോടെയാണ് ഇവരെ യാത്രയാക്കിയത്.

മാനന്തവാടി തഹസിൽദാർ എൻ.ഐ ഷാജു, നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ടി.ബിജു, മാനന്തവാടി, പയ്യമ്പള്ളി, നല്ലൂർനാട് വില്ലേജ് ഓഫീസർമാരായ സുജിത്ത് ജോസ്, ജോബി ജെയിംസ്, കെ.എസ്. ജയരാജ് എന്നിവരും സംഘത്തെ യാത്രയാക്കാൻ എത്തി.