സുൽത്താൻ ബത്തേരി: ആശുപത്രിയിലേക്ക് പോകും വഴി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. യുവതിയെ പിന്നീട് ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റി.
കുപ്പാടി ആർമാട് ആദിവാസി കോളനിയിലെ ശിവദാസിന്റെ ഭാര്യ അഞ്ജലിയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. ഇന്നലെ പുലർച്ചെ ആറ് മണിക്കായിരുന്നു സംഭവം. അമ്മയും കുഞ്ഞും താലൂക്ക് ആശുപത്രിയിൽ സുഖമായിരിക്കുന്നു.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടിയ യുവതിക്ക് ബുധനാഴ്ച വേദന അനുഭവപ്പെട്ടങ്കിലും കൊവിഡ് രോഗം ഭയന്ന് വിവരം ആരോടും പറയാതെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടി. പുലർച്ചെ വേദന കൂടിയപ്പോഴാണ് വിവരം ഭർത്തവിനെ അറിയിച്ചത്. ഉടൻ സമീപത്തുള്ള ഒരാളുടെ ഓട്ടോയിൽ ആശുപത്രിയിലേക്ക് യാത്ര തിരിച്ചെങ്കിലും അൽപ്പദൂരം പോയപ്പോഴേക്കും പ്രസവിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവർ ഷൈജു ഉടൻ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസിന്റെ സഹായം തേടി അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. അഞ്ജലിയുടെ മൂന്നാമത്തെ പ്രസവമാണിത്. നേരത്തെ ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയെങ്കിലും ഇരട്ടകളിലെ മൂത്ത കുട്ടി മരണപ്പെട്ടു.
വേനൽ മഴ: ആശുപത്രിയുടെ മേൽകൂര തകർന്നു
സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം വൈകിട്ട് മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ ആയുർവ്വേദ ആശുപത്രിയുടെ മെയിൽ വാർഡിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. രോഗികളൊന്നും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കൊറോണ ഐസൊലേഷൻ വാർഡിനായി ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ ഒഴിവാക്കിയിരുന്നു.
ഫോട്ടോ
കാറ്റിലും മഴയിലും തകർന്ന ബത്തേരി ആയുർവ്വേദ ആശുപത്രിയുടെ മേൽക്കൂര