covid-19

വടകര: മാഹി ചെറുകല്ലായിയിൽ കൊവിഡ് - 19 റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് അഴിയൂർ പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ചെറുകല്ലായിലെ രോഗിയുമായി സമ്പർക്കം പുലർത്തിയ രണ്ട് പേരെ വീടുകളിൽ നീരീക്ഷണത്തിലാക്കി. പള്ളിയിൽ നിസ്കാരത്തിൽ പങ്കെടുത്തപ്പോഴും ചമ്പാട് കല്യാണ സത്കാരത്തിന് എത്തിയപ്പോഴുമാണ് സമ്പർക്കമുണ്ടായത്.

അഴിയൂർ അതിർത്തിയിൽ പരിശോധന ശക്തമാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ള 240 പേരിൽ 58 പേർ കാലാവധി പൂർത്തിയാക്കി. നിലവിൽ 187 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇവർക്ക് അയുർവേദ ആശുപത്രിയിലൂടെ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചു.

അഴിയൂർ പ്രൈമറി ഹെൽത്ത് സെന്റർ വൈകിട്ട് വരെ ഒ.പി പ്രവർത്തിക്കും. ഇതിനായി ഒരു ഡോക്ടറെ നിയമിച്ചു. വാർഡു തലത്തിൽ ശുചീകരണ പ്രവർത്തനം ഊർജിതപ്പെടുത്താനും പഞ്ചായത്തിലെ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന 47 സ്ഥലങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയെ ഉപയോഗിച്ച് നീക്കാനും പഞ്ചായത്തിന്റെ അടിയന്തര യോഗം തീരുമാനിച്ചു. ജൈവമാലിന്യ സംസ്കരണം ആരോഗ്യ വകുപ്പിലെ ഫീൽഡ് പ്രവർത്തകർ ഉറപ്പാക്കണം. ഇതിനായി ഉടമകൾക്ക് നോട്ടീസ് നൽകുവാനും തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസ്‌മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ നസീർ, സബ് ഇൻസ്‌പെക്ടർ ഹമീദ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി. ഉഷ, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജയ്സൺ, വി.ഇ.ഒ.കെ. സിദ്ധിഖ് എന്നിവർ സംസാരിച്ചു.