വടകര: മുഖ്യമന്ത്രിയുടെ കൊവിഡ് - 19 ദുരിതാശ്വാസ നിധിയിലേക്ക് മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ 51 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. മാനേജ്മെന്റിന്റെ വിഹിതത്തിനു പുറമെ അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം കൂടി ചേർത്താണിത്.
സർക്കാരിന്റെ അഭ്യർത്ഥന ഈ ഗ്രാമീണ വിദ്യാലയം നാലാം തവണയാണ് സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുന്നത്. നേരത്തെ ഓഖി ദുരന്ത വേളയിൽ മുഴുവൻ അദ്ധ്യാപകരും ജീവനക്കാരും രണ്ടു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. പിന്നീട് 2018 ലെ പ്രളയകാലത്ത് അദ്ധ്യാപകരും ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് സ്കൂളിലെ ഓണാഘോഷം ഒഴിവാക്കി വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.