covid19

കോഴിക്കോട്: കൊവിഡിനെതിരെ ജനങ്ങളെ ശാസ്ത്രീയമായി ബോധവത്കരിക്കുന്നതിന് പാവനാടകം ഒരുക്കുകയാണ് പ്രശാന്ത് കൊടിയത്തൂർ. സോഷ്യൽ മീഡിയ വഴിയാണ് പ്രചാരണം നടത്തുന്നത്. വീട്ടിൽ നിന്ന് നിർമ്മിച്ച പാവക്കൂത്ത് നാടകം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റാണ്. ലോക്ക്ഡൗണായതിനാൽ സ്‌റ്റേജും റെക്കോർഡിംഗ് സ്റ്റുഡിയോയുമെല്ലാം വീട്ടിൽ തന്നെ ഒരുക്കി. രചനയും സംവിധാനവും കഥാപാത്രങ്ങളുടെ നിർമ്മാണവുമെല്ലാം പ്രശാന്ത് തന്നെ. കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയും പാവ അവതരണത്തത്തിനും വീഡിയോ ഷൂട്ടിംഗിനും മകൻ നീരജും ഭാര്യ ശൈലജയും ഒപ്പം നിന്നു.

വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചാണ് പാവകൾ നിർമ്മിച്ചത്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ ചിലരെങ്കിലും അവഗണിക്കുന്നുണ്ട്. ഇത് സമൂഹത്തിന് വൻവിപത്തുണ്ടാക്കുമെന്ന് നാടകം തുറന്നു കാണിക്കുന്നു. സോഷ്യൽ മീഡിയ വഴിയുള്ള ആളുകളുടെ അഭ്യർത്ഥന മാനിച്ച് നാടകം ഇംഗ്ലീഷിലും തർജ്ജമ ചെയ്യാനൊരുങ്ങുകയാണ് അരീക്കോട് ജി.എം.യു.പി സ്‌കൂൾ അദ്ധ്യാപകനായ പ്രശാന്ത്. മികച്ച അദ്ധ്യാപകനുള്ള ദേശീയ - സംസ്ഥാന പുരസ്‌കാര ജേതാവ് കൂടിയാണ് ഇദ്ദേഹം.