കോഴിക്കോട്: മറ്റു പല ജില്ലകളെയും അപേക്ഷിച്ച് കൊവിഡ് - 19 പ്രതിരോധത്തിൽ കോഴിക്കോട് ജില്ലയി ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ അഭിമാനിക്കാൻ വകയുണ്ട്. മറ്റു ജില്ലകളിൽ നിന്നുൾപ്പെടെ 15 രോഗികൾ കോഴിക്കോട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിൽ എട്ടു പേരെ ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിഞ്ഞു. രോഗമുക്തരായി ഇന്നലെ രണ്ടു പേർ കൂടി ആശുപത്രി വിട്ടു. ഒരാൾക്ക് പോലും സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായില്ല എന്നതും വലിയ നേട്ടമായി.
ജില്ലയിൽ ഇതിനിടെ കോഴിക്കോട് സ്വദേശികളുടേതായി സ്ഥിരീകരിച്ചത് 12 കൊവിഡ് കേസുകളാണ്. ഇതിന് പുറമെ മൂന്നു രോഗികൾ മറ്റു ജില്ലകളിൽ നിന്നുള്ളവരും ഇവിടെ ചികിത്സയ്ക്കെത്തി. രാജ്യാന്തര കണക്കനുസരിച്ച് ഒരു രോഗിയിൽ നിന്ന് 2.6 പേരിലേക്ക് രോഗം പകരാൻ സാദ്ധ്യതയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ ജില്ലയിലെ രോഗികളിൽ നിന്നു മാത്രം 31 പേർക്ക് വൈറസ് ബാധയുണ്ടാവാമായിരുന്നു.
രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ എട്ടു പേർ വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. നാലു പേർ നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയവരും. സമ്പർക്ക കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഒരു രോഗിയെ പോലും മരണത്തിന് വിട്ടുകൊടുത്തില്ലെന്നതാണ് മറ്റൊരു നേട്ടം. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡ്ഹനോം ചൂണ്ടിക്കാണിച്ചത് കൊവിഡ് രോഗികളിൽ 3.4 ശതമാനം പേർ മരണമടയുന്നുവെന്നാണ്.
കോഴിക്കോട്ടുകാരായി ആറു രോഗികളാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ള മൂന്നു രോഗികളിൽ രണ്ടു പേരും രോഗമുക്തരായി ആശുപത്രി വിട്ടതാണ്.
ഇന്നലെ ഒരു കോഴിക്കോട് സ്വദേശിയും ഒരു കാസർകോട് സ്വദേശിയുമാണ് രോഗമുക്തരായത്. ജില്ലയിൽ മൂന്നു ദിവസമായി പുതിയ പോസിറ്റീവ് കേസുകളില്ല.
ഇന്നലെ 1575 പേർ കൂടി വീടുകളിലെ നിരീക്ഷണത്തിൽ നിന്നു വിടുതൽ നേടി. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 4,849 ആയി. ജില്ലയിൽ ഇപ്പോൾ 17,824 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡി.എം.ഒ ഡോ.വി. ജയശ്രീ അറിയിച്ചു. പുതുതായി വന്ന 6 പേർ ഉൾപ്പെടെ 30 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലുള്ളത്.
ഇന്നലെ 21 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 463 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 434 എണ്ണത്തിന്റെ ഫലം ലഭിച്ചു. 419 എണ്ണം നെഗറ്റീവാണ്. 29 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്നലെ രാവിലെ കളക്ടറേറ്റ് കൺട്രോൾ റൂം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലയിൽ ഇന്നലെ 4,727 സന്നദ്ധസേനാ പ്രവർത്തകർ 9,297 വീടുകളിൽ ബോധവത്കരണത്തിനെത്തിയിരുന്നു.