കോഴിക്കോട്: ലോക്ക് ഡൗണിൽ കുരുങ്ങി വീടകങ്ങളിൽ കുരുങ്ങിയവർ ഇപ്പോൾ സമയം കളയുന്നത് ഓൺലൈൻ ചലഞ്ചുകളിലൂടെ. സ്വയം ഏറ്റെടുത്തും മറ്റുള്ളവരെ വെല്ലുവിളിച്ചുമാണ് ഓൺ ലൈൻ ചലഞ്ചുകൾ മുന്നേറുന്നത്.
ഇന്ന് വായിച്ച പുസ്‌തകം, കണ്ട സിനിമ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് നവ മാദ്ധ്യമങ്ങളിൽ നിറയുന്നത്. കണ്ട സിനിമയേയും വായിച്ച പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പുകൾ ഇടുന്നതിനൊപ്പം മറ്റുള്ളവരെ ഇങ്ങനെ ചെയ്യാനും പ്രേരിപ്പിക്കുന്നുണ്ട്. കൂടാതെ പച്ചക്കറി കൃഷി, ചിത്രം വരയ്‌ക്കൽ തുടങ്ങിയ ചാലഞ്ചുകൾക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രായഭേദമന്യേ നിരവധി പേരാണ് ഇതിൽ പങ്കാളികളാകുന്നത്. യുവജന-സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ ഓൺലൈൻ മത്സരങ്ങളും നടത്തുന്നുണ്ട്. മൊബൈൽ ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം, ചിത്രരചന തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നുണ്ട്. വിജയികൾക്ക് സമ്മാനവുമുണ്ട്. ഇത്തരത്തിൽ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച 'ഈ ജനലിനപ്പുറം" മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എഴുനൂറിലധികം ഫോട്ടോകളാണ് ലഭിച്ചത്.
അതേസമയം ചലഞ്ചുകൾക്കായി ദിവസവും കൂടുതൽ സമയം ചെലവഴിക്കുന്നത് മാനസികോല്ലാസത്തിന് തടസമാകുമെന്ന് മനോരോഗ വിദഗ്‌ദ്ധർ പറയുന്നു. ഒരു പ്രവൃത്തിയിൽ മാത്രം ചുരുങ്ങാതെ മറ്റ് കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കണമെന്നാണ് ഇവർ പറയുന്നത്.