ശ്രീകൃഷ്ണപുരം: ലോക്ക് ഡൗൺ ദിനങ്ങളിൽ റിട്ട. അദ്ധ്യാപകനും കഥാകൃത്തുമായ ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി മാഷ് ഒരുപോലെ അസ്വസ്ഥനും സംതൃപ്തനുമാണ്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന്റെ തലേന്നാണ് മക്കളുടെ നിർബന്ധംകാരണം തിരുവനന്തപുരത്തേക്ക് യാത്രയായത്. ' പ്രശ്‌നങ്ങൾ കൂടുകയാണ്. ഇനി അച്ഛനവിടെ ഒറ്റയ്ക്ക് നിൽക്കേണ്ട, ഇങ്ങോട്ടുവന്നാൽ ഞങ്ങളൊക്കെയുണ്ടല്ലോ എന്നു പറഞ്ഞപ്പോൾ' മക്കളെ അനുസരിക്കാൻ തീരുമാനിച്ചു. രാത്രിയിൽ അമൃതയിൽ കയറി ശരിക്കും ഭയന്നു. യാത്രക്കാർ തീരെകുറവ്, ഉള്ളവരൊക്കെ മുഖംമൂടിക്കാരും. ഒന്നു ചുമയ്ക്കാൻ പോലും ഭയം, കൊറോണയാണെന്നു കരുതി തന്നെ ഒഴിവാക്കിയാലോ. വീട്ടിലെത്തിയപ്പോഴാണ് സമാധാനമായത്.
പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മനസ് കലങ്ങി. പരിപൂർണമായ അടച്ചിരിപ്പ് തീരെ പരിചയമില്ലല്ലോ. പേരമക്കളോടൊപ്പമുള്ള കളിചിരികൾ ആശ്വാസമാണ്. അപ്പോഴാണ് മർക്കേസിന്റെ കോളറ കാലത്തെ പ്രണയവും കാമുവിന്റെ പ്ലേഗും കാക്കനാടന്റെ വസൂരിയുമൊക്കെ ഓർമവന്നത്. അതോടൊപ്പം എന്റെ കുട്ടിക്കാലത്തെ വസൂരിക്കാലവും ഓർത്തെടുത്തു.
എന്തായാലും വീട്ടിലെ അടച്ചിരിപ്പ് ഇത്തിരി പ്രയാസം നൽകുന്നതാണ്. വായിക്കാൻ വേണ്ടത്ര പുസ്തകമില്ലാത്തതാണ് വലിയ പ്രയാസം. കൊണ്ടുവന്ന പ്രൊഫസർ ജോസഫിന്റെ ആത്മകഥ വായിച്ചു തീർന്നിരിക്കുമ്പോഴാണ് മകൻ വാങ്ങിത്തന്ന കിന്റലിനെ കുറിച്ച് ഓർമ്മിച്ചത്. സാധാരണ പുസ്തക വായനയുടെ സുഖം കിട്ടാത്തതിനാൽ ഡിജിറ്റൽ വായനയെ അധികം ആശ്രയിക്കാറില്ല. ഇപ്പോൾ മറ്റൊരു വഴിയില്ലാതായപ്പോൾ മകൻ തന്നെ പോളണ്ട് നോബൽ സമ്മാനിതയായ ഓൾ ഗടുകാർ ചുക്കിന്റെ ഫ്‌ളൈറ്റ്‌സും, ഡ്രൈവ് യുവർ പ്ലോ ഓവർ, ദ ബോൺ സ് ഓഫ് ദ ഡഡ് എന്നിവ വാങ്ങിതന്നത് ആശ്വാസമായി. ആദ്യ പുസ്തകമായ ഫ്‌ളൈറ്റ് വല്ലാത്ത ഒരു വായനാനുഭവമായിരുന്നു.
ടി.വി കാണുമ്പോഴും പത്രം വായിക്കുമ്പോഴും മനസാകെ കലങ്ങിമറിയുകയാണ്. ഈ രോഗം തീർന്നാലും നാളത്തെ നമ്മുടെ അവസ്ഥ. രോഗം ബാധിക്കാതേയും ജീവിതം കയ്ച്ചു പോകുന്നവർ, അതിനിടയിൽ ഒന്നും എഴുതാനാവാതെ വെറുതേ വിങ്ങുന്ന മനസ്. എങ്കിലും, ശുഭപ്രതീക്ഷയെ കൈവിടാൻ എനിക്കാവുന്നില്ല. നാം ഒത്തൊരുമയോടെ ഈ ഇരുട്ടിനപ്പുറത്തേയ്ക്ക് പോവുക തന്നെ ചെയ്യും തീർച്ച.