bloodbank

വടകര: കൊവിഡ് - 19 വ്യാപനം തടയാൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം പൊരുതുന്ന പൊലീസ് സേനാംഗങ്ങൾ രക്തദാന യജ്ഞത്തിനും. ബ്ളഡ് ബാങ്കുകളിൽ ദൗർലഭ്യം നേരിടുന്ന അവസ്ഥ ഒഴിവാക്കാൻ വിശ്രമവേളയിൽ രക്തദാനത്തിനെത്തി മാതൃക തീർക്കുകയാണ് കോഴിക്കോട് റൂറൽ ജില്ലയിലെ പൊലീസുകാർ.

രക്ത ദൗർലഭ്യമുള്ള രക്ത ബാങ്കുകളിലേക്ക് കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് രക്തദാനം. വടകര മേഖലയിലെ സർക്കാർ, സഹകരണ ആശുപത്രിയിലേയും കോഴിക്കോട് ബീച്ച് ആശുപത്രിയിലെയും രക്ത ബാങ്കുകളിൽ ദിവസവും നിശ്ചിത എണ്ണം പൊലീസുകാർ രക്തദാനത്തിനെത്തുകയാണ്. റൂറൽ എസ്.പി ഡോ.എ. ശ്രീനിവാസ് ഇന്നലെ വടകരയിലെ രക്തദാനത്തിൽ പങ്കാളിയായി. ലോക് ഡൗൺ കാലയളവിൽ തുടർച്ചയായി ഈ യജ്ഞം ഏറ്റെടുക്കാനാണ് പൊലീസ് അസോസിയേഷൻ തീരുമാനം. അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി.പി. അഭിജിത്ത്, പ്രസിഡന്റ് കെ.കെ.ഗിരീഷ്, സംസ്ഥാന നിർവാഹക സമിതി അംഗം പ്രേമൻ മുചുകുന്ന്, ജില്ലാ ട്രഷറർ സുഗിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്തദാന കണ്ണികളുടെ ചങ്ങല തീർക്കുന്നത്.