പേരാമ്പ്ര: കൊവിഡിൽ പ്രതിസന്ധിയിലായി 400ഓളം ചെറുകിട പ്രിന്റിംഗ് പ്രസ് വ്യവസായവും തൊഴിലാളികളും. ജില്ലയിൽ 2000ത്തോളം തൊഴിലാളി കുടുംബങ്ങളാണ് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നത്. വിവാഹം, ഗൃഹ പ്രവേശം, പണം പയറ്റ്, യാത്രയയപ്പ് സമ്മേളനങ്ങൾ തുടങ്ങി പ്രധാന സീസൺ കാലത്തുണ്ടായ ലോക്ക് ഡൗണാണ് ഉടമകളെയും തൊഴിലാളികളെയും കഷ്ടത്തിലാക്കിയത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പെ പേരാമ്പ്ര മേഖലയിലും മറ്റ് പ്രധാന പ്രദേശങ്ങളിലും പ്രസുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്നു. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളിൽ ചുരുക്കം പേർ മാത്രമാണ് ക്ഷേമനിധിയിൽ അംഗങ്ങളായവർ. വൻ തുക വാടക നൽകി വ്യവസായം നടത്തുന്ന ഉടമകളുടെ കാര്യവും ദയനീയമാണ്.