പേരാമ്പ്ര: കൊവിഡിനെ തുടർന്ന് സ്‌കൂളുകൾ പൂട്ടിയതോടെ വീടുകളിൽ ഒതുങ്ങിയ വിദ്യാർത്ഥികളുടെ വിരസതയകറ്റാൻ സ്കൗട്ടുകൾ രംഗത്ത്. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ദിവസവും വ്യത്യസ്തങ്ങളായ പഠനപ്രവർത്തനങ്ങളൊരുക്കുകയാണ് നടുവണ്ണൂരിലെ ബി.പി ഓപ്പൺ ഗ്രൂപ്പിലെ സ്കൗട്ടുകൾ. പോഷക സമ്പുഷ്ടമായ ആഹാരങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനവും സ്കൗട്ട് യൂണിറ്റിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികളിലെത്തിക്കുന്നുണ്ട്. കുട്ടികൾ ദിവസവും വീട്ടിൽ ചെയ്യുന്ന പരിശീലനതിന്റെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിലിടണം. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് മേയ് അവസാനം സമ്മാനം നൽകും. ഈ നിർദ്ദേശങ്ങൾക്ക് കുട്ടികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രക്ഷിതാക്കളുടെ പിന്തുണയുമുണ്ട്.
കരകൗശല വസ്‌തു നിർമ്മാണത്തിന്റെ പരിശീലനവും ഒപ്പം നടക്കുന്നുണ്ട്. സ്കൗട്ട് ഗ്രൂപ്പുകൾക്ക് പുറമേ മറ്റ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും പരിശീലന പരിപാടിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. സ്കൗട്ട് അദ്ധ്യാപകരായ കെ.വി.സി. ഗോപി, പി. നികേഷ് കുമാർ, എസ്. അഖിൽ, ആർ.ജി. അശ്വന്ത്, അജുൽ രാജ്, അക്ഷയ് മോഹന്‍ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.