കൽപ്പറ്റ: കർഷകർക്ക് കൃഷി നടത്താനുളള സൗകര്യങ്ങളൊരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്‌ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയിടങ്ങളിൽ അതത് പ്രദേശത്തെ തൊഴിലാളികളെ ഉപയോഗിക്കണം. ഇവർ സാമൂഹിക അകലം പാലിക്കണം. മറ്റിടങ്ങളിൽ സ്വന്തമായി കൃഷി ഭൂമിയുള്ളവർക്ക് അവിടങ്ങളിൽ എത്താൻ ജില്ലാ ഭരണകൂടം പാസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമുഴുന്നതിനും വളങ്ങൾ കൊണ്ടുപോകുന്നതിനും ട്രാക്ടർ, ടില്ലർ തുടങ്ങിയവ ഉപയോഗിക്കാം. വാഹനത്തിൽ ഡ്രൈവർ, ഉടമസ്ഥൻ എന്നിവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതി. യാത്ര ചെയ്യുന്നവരുടെ പേര്, ഫോട്ടോ, വാഹന നമ്പർ, കൃഷി ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവ അതത് കൃഷി ഭവനിൽ സമർപ്പിച്ച് സാക്ഷ്യപത്രം വാങ്ങണം. ഇത് ബന്ധപ്പെട്ട വില്ലേജുകളിൽ സമർപ്പിച്ചാൽ യാത്രാ പാസ് ലഭിക്കും. സാക്ഷ്യപത്രവും പാസും യാത്രാവേളയിൽ നിർബന്ധമായും കൈവശം കരുതണം. ലോക്ക്ഡൗൺ സാഹചര്യത്തിൽ കാർഷികവൃത്തി മാറ്റിവെക്കുന്നതിലൂടെ കർഷകർക്ക് ഉണ്ടായേക്കാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. അതിർത്തി സംസ്ഥാനങ്ങളിൽ കൃഷി നടത്തുന്ന ജില്ലയിലെ കർഷകരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടു ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശാരീരിക ബുദ്ധിമുട്ടുകൾ മൂലം റേഷൻ കടകളിലെത്തി സൗജന്യ പലവ്യഞ്ജന കിറ്റുകൾ വാങ്ങാൻ സാധിക്കാത്തവർക്ക് ഇവ വീടുകളിൽ എത്തിക്കാൻ യോഗത്തിൽ ധാരണയായി. ട്രൈബൽ പ്രമോട്ടർ, ജില്ലാ ഭരണകൂടത്തിന്റെ പാസ് ലഭിച്ച സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് മാത്രമാണ് വിതരണം നടത്തുക.

യോഗത്തിൽ എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഒ.ആർ.കേളു, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ, സബ് കളക്ടർ വികൽപ് ഭരദ്വാജ്, ജില്ലാ മെഡിക്കൽ ഒഫീസർ ആർ. രേണുക തുടങ്ങിയവർ പങ്കെടുത്തു.

(ചിത്രം)