കോഴിക്കോട്: ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചൺ വഴി ഇന്നലെ വിതരണം ചെയ്തത് 14,059 ഭക്ഷണ പ്പൊതികൾ. 1,192 പേർക്ക് പ്രഭാത ഭക്ഷണവും നൽകി. ജനകീയ ഹോട്ടലുകൾ മുഖേന 98 പേർക്ക് പ്രഭാത ഭക്ഷണവും 2,014 പേർക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്തു.
മിതമായ നിരക്കിൽ ഭക്ഷണം നൽകാൻ സർക്കാർ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതി പ്രകാരമാണ് ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സാമൂഹിക അടുക്കളയ്ക്കൊപ്പം ചെറിയ തുകയ്ക്ക് ഭക്ഷണം നൽകുന്ന രീതിയിലാണ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ഒരു ഊണിന് 20 രൂപയും വീടുകളിൽ എത്തിച്ചു നൽകുന്നതിന് 25 രൂപയുമാണ് ഈടാക്കുന്നത്. പ്രഭാത ഭക്ഷണത്തിന് 25 രൂപയാണ്.
പദ്ധതി ആരംഭിച്ചെങ്കിലും ലോക്ക് ഡൗൺ കാലത്തിന് ശേഷമായിരിക്കും പൂർണതോതിൽ നടപ്പിലാക്കുക. ജില്ലയിലെ കോർപ്പറേഷൻ, ഏഴു മുനിസിപ്പാലിറ്റികൾ, 70 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി 91 കിച്ചൺ പ്രവർത്തിക്കുന്നുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.സി. കവിത പറഞ്ഞു. ഒരേ സമയം രണ്ടും മൂന്നും കിച്ചൺ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ജില്ലയിലുണ്ട്. ഭക്ഷണം ഒരുക്കാൻ സാധിക്കാത്തവർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണം എത്തിക്കുന്നുണ്ട്. സർക്കാർ സഹായത്തിനൊപ്പം വ്യക്തികൾക്കു പുറമെ സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയും കിച്ചണിനെ തുണയ്ക്കുന്നുണ്ട്.