കൽപ്പറ്റ: വയനാട് ജില്ലയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത പതിനൊന്നാം ദിവസം. 247 പേർ കൂടി നിരീക്ഷണ കാലം പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ നിരീക്ഷണം പൂർത്തിയാക്കിവരുടെ എണ്ണം 2120 ആയി.
നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 10870 ആണ്. ഏഴ് പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വെള്ളിയാഴ്ച്ച ആരെയും നിരീക്ഷണത്തിലാക്കിയിട്ടില്ല. ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ച 213 സാമ്പിളുകളിൽ 212 എണ്ണത്തിന്റെ ഫലം ലഭിച്ചു. ലഭിച്ചവയിൽ 209 എണ്ണവും നെഗറ്റീവാണ്.
ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളിൽ 1415 വാഹനങ്ങളിലായി എത്തിയ 2308 ആളുകളെ സ്‌ക്രീനിങ്ങിന്റെ വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
മറ്റു ജില്ലകളിൽ നിന്നെത്തുന്നവർ
നിർദ്ദേശം തേടണം
മറ്റു ജില്ലകളിൽ നിന്നെത്തുന്നവർ അതത് മെഡിക്കൽ ഓഫീസറെ കണ്ട് നിരീക്ഷണകാലം സംബന്ധിച്ച് നിർദ്ദേശങ്ങൾ തേടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മറ്റ് ജില്ലകളിലെ ആശുപത്രികളിൽ ചികിൽസ തേടി പോയവർക്ക് നിരീക്ഷണകാലം ബാധകമല്ല. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ,ആരോഗ്യപ്രവർത്തകർ,അവശ്യ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, സഹായികൾ എന്നിവർക്കും നിരീക്ഷണമുണ്ടാകില്ല. ഹൈ റിസ്‌ക്ക് പ്രദേശമായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് 28 ദിവസവും ലോ റിസ്‌ക്ക് പ്രദേശത്ത് നിന്നെത്തിയവർക്ക് 14 ദിവസവുമാണ് നിരീക്ഷണകാലം.