മുക്കം: ഓർക്കാപ്പുറത്തു വന്ന വേനൽ മഴയും കാറ്റും വാഴകൃഷിക്കാർക്ക് കനത്ത ആഘാതമായി. നൂറു കണക്കിന് വാഴകളാണ് ഒടിഞ്ഞു വീണ് നശിച്ചത്. ലോക്ക് ഡൗണിൽ സമസ്ത മേഖലകളിലും പ്രവർത്തനം നിലച്ചപ്പോൾ പുറത്തിറങ്ങാനോ വാഴത്തോട്ടത്തിൽ എത്തിപ്പെടാനോ പലർക്കും കഴിയാതെ പോയി. വാഴകൾ വാടിത്തളർന്ന നിലയിൽ നിൽക്കുന്നതിനിടെ നിനച്ചിരിക്കാതെയായിരുന്നു മഴയുടെ വരവ്. അകമ്പടിയായി കാറ്റും കൂടിയായപ്പോൾ വാഴകൾ കൂട്ടത്തോടെ ഒടിഞ്ഞു നശിക്കുകയായിരുന്നു.
ഇൻഷ്വറൻസ് പരിരക്ഷ പോലും രക്ഷയ്ക്കെത്തില്ലല്ലോ എന്ന ആശങ്കയിലാണ് കർഷകർ. വരൾച്ചബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഈ മേഖലയിലുള്ളവർക്ക് ആനുകൂല്യം ലഭിക്കാൻ സാങ്കേതികതടസ്സമുണ്ടെന്ന പ്രതികരണമായിരുന്നു അധികൃതരുടേത്.
മുഖ്യമായും വാഴകൃഷിയെ ആശ്രയിച്ചു കഴിയുന്ന കളരിക്കണ്ടിയിലെ കുന്നുമ്മൽ ഷാജികുമാർ, കാരമൂലയിലെ പുയ്യോറമ്മൽ മോഹൻ ബാബു, കാരശ്ശേരി അടുക്കത്തിൽ മുഹമ്മദ് ഹാജി എന്നിവർ കനത്ത നഷ്ടം നേരിട്ടവരിൽ ഉൾപ്പെടും.