ബാലുശ്ശേരി: കർഷകർക്ക് കൈത്താങ്ങൊരുക്കി ബാലുശ്ശേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഫാർമേഴ്‌സ് റീട്ടെയിൽ ഔട്ട്‌ലെറ്റ് തുറന്നു. ജീവനി പദ്ധതിയിലൂടെ കൃഷിയിറക്കിയ കർഷകരുടെ പച്ചക്കറികളാണ് ഔട്ട്‌ലെറ്റിൽ വില്പനയ്‌ക്കെത്തിച്ചത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ എട്ട് കൃഷിഭവനുകളുടെയും കീഴിലുള്ള കർഷകരുടെ ഉത്പന്നങ്ങൾ ഔട്ട്‌ലെറ്റിൽ വിൽക്കും.
സംഭരിക്കുന്ന ജൈവ പച്ചക്കറി ബാലുശ്ശേരി കൃഷിഭവന്റെ സഹായത്തോടെ കാർഷിക കർമ്മസേനയാണ് കൊവിഡ്19 പ്രോട്ടോകോള്‍ നിയന്ത്രണങ്ങനുസരിച്ച് വിപണനം നടത്തുന്നത്. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുൾപ്പെടുന്ന സംഘത്തിന്റെ പച്ചക്കറിയാണ് ആദ്യം സംഭരിച്ചത്. പച്ചക്കറി വിപണനം ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിതാ പാലാരി, കൃഷി ഓഫീസർമാരായ മനോജ്, അബ്ദുൽ ബഷീർ, കൃഷി അസിസ്റ്റന്റുമാരായ സജി, ഷിനിജ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷിക്കാരന്റെ തോട്ടത്തിൽ വിറ്റഴിക്കാനാവാത്ത ഉത്പന്നങ്ങൾ മെച്ചപ്പെട്ട വിലയ്ക്ക് ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കാനാകും. വെണ്ട, ചീര, വെള്ളരി, മത്തൻ, വാഴക്കുലകൾ തുടങ്ങിയവ പച്ചക്കറികളാണ് ഔട്ട്‌ലെറ്റിൽ വില്പനയ്ക്കെത്തിച്ചിട്ടുള്ളത്.