കടലുണ്ടി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കടലുണ്ടി ഗ്രാമപഞ്ചായത്തിൽ നിരീക്ഷണത്തിലുള്ളവരുടെ വായനാശീലം വളർത്തുന്നതിന് യുവനടനും എഴുത്തുകാരനുമായ ചാലിയാർ രഘു തന്റെ 'മലബാർ ഖലാസി" എന്ന പുസ്തകം സൗജന്യമായി നൽകി. മുന്നൂറ് കോപ്പിയാണ് നൽകിയത്. മലബാർ ഖലാസികളുടെ ചരിത്രം പറയുന്ന പുസ്തകത്തിൽ കടലുണ്ടി ട്രെയിൻ അപകടത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി.കെ. അജയകുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പാരഡി ഗാന രചയിതാവ് ബിജു ആലുംകുളം, ജീവകാരുണ്യ പ്രവർത്തകൻ ഉദയൻ കാർക്കോളി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പിലാക്കാട്ട് ഷൺമുഖൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജ നോബിൾ തുടങ്ങിയവർ പങ്കെടുത്തു.