കടലുണ്ടി: റെയിവേ സ്റ്റേഷനിൽ നിന്നും കടത്തിണ്ണകളിൽ നിന്നും ഒഴിപ്പിച്ച നാലു പേർക്ക് കടലുണ്ടിയിലെ നവധാര പാലീയേറ്റീവ് കെയർ സെന്റർ വീടാകുകയാണ്. തമിഴ്നാട്, കർണാടക സ്വദേശികളായ രാമസ്വാമി (65), കൃഷ്ണൻ (58), നാരായണൻ (78), വെങ്കിഗേഷ് (56) എന്നിവർക്കാണ് ലോക്ക് ടൗൺ പ്രഖ്യാപിച്ചതു മുതൽ നവധാര അഭയ കേന്ദ്രമായത്. കടലുണ്ടി ടോപ് ടേസ്റ്റ് കേറ്ററിംഗ് സർവീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന വിശപ്പ് രഹിത കടലുണ്ടിയുടെ ഉച്ചഭക്ഷണം മുടക്കമില്ലാതെ നവധാരയിലെത്തിക്കുന്നുണ്ട്.
എഴുപതാം വയസിലും സീനിയർ വോളണ്ടിയറായ സൈനബ പറക്കളത്തിലാണ് എല്ലാവർക്കും ഭക്ഷണം വിളമ്പുന്നത്. കർക്കോളി സതീദേവിയുടെ വീട്ടിൽ നിന്നാണ് രാവിലത്തെ ചായ. രാത്രിയുള്ള ഭക്ഷണവും പ്രാതലും കടലുണ്ടി കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് സന്നദ്ധ വോളണ്ടിയർമാർ എത്തിക്കും.