reading

വടകര: ലോക്ക് ഡൗൺ കാലത്തെ വിരസത അകറ്റാനും വായന വളർത്താനും പുസ്തകങ്ങൾ വീട്ടിലെത്തിച്ച് വായനശാല പ്രവർത്തകർ. അഴിയൂർ പത്താംവാർഡിലെ കൊളരാട് യുവജന വായനശാലയാണ് വേറിട്ട വായനാനുഭവം തീർക്കുന്നത്. ആദ്യഘട്ടത്തിൽ 8000 പുസ്തകങ്ങൾ 250 വീടുകളിൽ എത്തിക്കും. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങൾക്ക് മുൻഗണന നൽകും. തുടക്കത്തിൽ പത്താംവാർഡിലെ വീടുകളിൽ മാത്രമാണെങ്കിലും തുടർന്ന് മറ്റ് ലൈബ്രറികളുടെ സഹായത്തോടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പുസ്തകം എത്തിക്കാനാണ് ഉദ്ദ്യേശം. ലൈബ്രറിയൻമാരായ സീന, സരസ്വതി എന്നിവരാണ് പുസ്തകങ്ങളുമായി വീടുകളിൽ എത്തുന്നത്. ഇതിനായി രജിസ്റ്റർ സൂക്ഷിക്കും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പുസ്തകം നൽകില്ല. വീടുകളിൽ പുസ്തകം പരിപാടി പത്താംവാർഡ് മെമ്പർ പി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ശോഭന ടീച്ചർ പുസ്തകം ഏറ്റുവാങ്ങി. പഞ്ചായത്ത് സെകട്ടറി ടി.ഷാഹുൽ ഹമീദ്, വായനശാല പ്രവർത്തകരായ പി.പി.രാഘവൻ, പ്രകാശൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, സലീഷ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വാട്സ് ആപ്പിലൂടെ പുസ്തകം ലഭിക്കുന്നതിന് വാർഡ് ആർ.ആർ.ടി വഴി 9496264969 നമ്പറിൽ ബന്ധപ്പെടാം.