കോഴിക്കോട്: കൊവിഡ് - 19 പ്രതിരോധം പഴുതടച്ചതാക്കാനുള്ള യജ്ഞത്തിൽ തെരുവോരങ്ങളിൽ നിന്നു മാറ്റിപ്പാർപ്പിക്കപ്പെട്ടവരൊക്കെയും കനിവിന്റെ കരുതലിൽ തീർത്തും സുരക്ഷിതർ. ഏതു ദുരന്തകാലത്തും അവഗണിക്കപ്പെടാറുള്ള ഈ അനാഥരെ തുടക്കത്തിൽ തന്നെ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക ക്യാമ്പുകളിലേക്ക് പുനരധിവസിപ്പിക്കുകയായിരുന്നു. തെരുവിൽ അന്തിയുറങ്ങി വന്ന 671 പേരെയാണ് നഗരത്തിലെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയത്. രോഗബാധയുടെ ഭീഷണിയില്ലാതെ കഴിയാനുള്ള ഇടം... മൂന്നു നേരം ഭക്ഷണം... വൈദ്യസഹായം... സ്‌നേഹസ്പർശമുള്ള ക്യാമ്പുകളിൽ ഇവർ ഏറെ ആശ്വാസത്തോടെയാണ് കഴിയുന്നത്.
ക്യാമ്പുകളുടെ ചുമതല സബ് കളക്ടർ ജി.പ്രിയങ്കയ്ക്കാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ സാമൂഹികനീതി ഓഫീസർ ഷീബ മുംതാസ് നോഡൽ ഓഫീസറായുമുണ്ട്. ടൗൺ സി ഐ ഉമേഷിന്റെ നേതൃത്വത്തിൽ പൊലീസ് സഹായവുമുണ്ട് ക്യാമ്പുകൾക്ക്.
ക്യാമ്പുകളുടെ ദൈനംദിന നടത്തിപ്പ് വിവിധ സന്നദ്ധസംഘടനകൾ ഏറ്റെടുത്തതോടെ ഒന്നിനും ഒരു കുറവുമില്ല. മെഡിക്കൽ കോളേജ് കാമ്പസ് സ്‌കൂൾ ഒഴികെയുള്ള ഏഴു ക്യാമ്പിലേക്കും ഭക്ഷണം തയ്യറാക്കി നൽകുന്നത് അൽ ഹിന്ദ് ചാറിറ്റബിൾ ഫൗണ്ടേഷനാണ്. മാത്തോട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലെ കേന്ദ്രീകൃത കിച്ചണിൽ ഒരുക്കുന്ന ഭക്ഷണം ഫൗണ്ടേഷൻ വളണ്ടിയർമാർ അവരുടെ വാഹനത്തിൽ ക്യാമ്പുകളിലെത്തിക്കുകയാണ്.
സന്നദ്ധ സംഘടനയായ ഐ.എസ്.എം ആണ് വെസ്റ്റ്ഹിൽ പോളിടെക്‌നിക്കിലെ ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. ഈസ്റ്റ് ഹിൽ ക്യാമ്പുകളുടെ ചുക്കാൻ പിടിക്കുന്നത് തണൽ സംഘടനയാണ്. ബി. ഇ. എം സ്‌കൂൾ, ഗവ. മോഡൽ സ്‌കൂൾ ക്യാമ്പുകളുടെ നേതൃത്വം ഹെല്പിംഗ് ഹാൻഡ്സിനാണ്. കാമ്പസ് സ്‌കൂളിലേക്കുള്ള ഭക്ഷണമൊരുക്കുന്നതും ദൈനംദിന പ്രവർത്തനങ്ങൾ നോക്കുന്നതും സി.എച്ച്. സെന്ററാണ്.
ക്യാമ്പുകളിൽ വിനോദ പരിപാടികൾ ആസ്വദിക്കുന്നതിനായി ടെലിവിഷൻ, കാരംസ്, ലുഡോ തുടങ്ങിയ കളികൾക്ക് സൗകര്യംഒരുക്കിയിട്ടുണ്ട്. വീടും ബന്ധുക്കളും ഇല്ലാത്തവരെ സ്ഥിരമായി പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളും ആലോചനയിലുണ്ട്.
ക്യാമ്പുകൾ ഇവ
1. വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക്
2. ഈസ്റ്റ്ഹിൽ പ്രീമെട്രിക് ഹോസ്റ്റൽ
3. പോസ്റ്റ് മെട്രിക് ഹോസ്റ്റൽ
4. ഫിസിക്കൽ എജ്യുക്കേഷൻ ബോയ്‌സ് ഹോസ്റ്റൽ,
5. പിങ്ക് ഹോസ്റ്റൽ
6. ബി.ഇ.എം എച്ച്.എസ് സ്‌കൂൾ
7. ഗവ. മോഡൽ സ്‌കൂൾ
8. മെഡിക്കൽ കോളേജ് കാമ്പസ് സ്‌കൂൾ