neews

നരിക്കുനി: കൊടുവള്ളി, പഞ്ചവടിപ്പാലത്തിന് സമീപത്തുള്ള ഷെഡിന്റെ ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന 400 ലിറ്റർ വാഷും, വാറ്റുപകരണങ്ങളുമയി ഒരാൾ അറസ്റ്റിൽ. ഓങ്ങോറമല മുക്കാളി വീട്ടിൽ ഭരതരാജനാണ് (45) അറസ്റ്റിലായത്. ഇയാളുടെ വീടിനോടുള്ള ചേർന്നുള്ള ഷെഡിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. ലോക്ക് ഡൗൺ കാലത്തും വിഷുവിനും വിൽക്കുന്നതിനായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൻതോതിൽ ചാരായം എത്തിക്കുന്നുണ്ടെന്ന വിവരത്തിലാണ് റെയ്ഡ് നടന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
നരിക്കുനി, മടവൂർ പ്രദേശങ്ങളിലെ പഞ്ചവടിപ്പാലം, രാംപൊയിൽ, തെച്ചോട്ട് പള്ളിയറ കോട്ട പരിസരം, പാറന്നൂർ ശിവക്ഷേത്രത്തിന് ചുറ്റുപാടും, പാവിട്ടിക്കുന്ന് റോഡ് ജംഗ്ഷൻ, വടേക്കണ്ടിത്താഴം ഗാന്ധി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വ്യാജവാറ്റ് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കോഴിക്കോട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആൻഡി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ ഷംസുദ്ദീൻ, യു.പി. മനോജ്, സി.ഇ.ഒമാരായ ദീൻ ദയാൽ, ബിനീഷ് കുമാർ, അജിത്ത്, റനീഷ് തുടങ്ങിയവർ പരിശോധനയ്‌ക്ക് നേതൃത്വം നൽകി.