security

കോഴിക്കോട്: വാഹനങ്ങളൊഴിഞ്ഞ നിരത്തുകൾ, മിണ്ടാനോ പറയാനോ ഒരാൾ മുന്നിലെത്തിയിട്ട് ദിവസങ്ങളായി. ലോക്കായ ദിവസങ്ങളിൽ നെഞ്ചിൽ തീച്ചൂളയുമായി നഗരമദ്ധ്യത്തിലെ കെട്ടിടത്തിന് കാവലിരിക്കുകയാണ് സുരേന്ദ്രൻ. കൈയിലുള്ള മൊബൈൽ ഫോണാണ് ആകെയുള്ള ആശ്വാസം. ഇടയ്‌ക്ക് ആലപ്പുഴ ഓച്ചിറയിലെ വീട്ടിലേക്കും കൂട്ടുകാരെയുമെല്ലാം വിളി‌യ്ക്കും. വീട്ടിലെ വിശേഷങ്ങളറിയുമ്പോൾ മനസ് ശാന്തമാകും.

സുരേന്ദ്രന്റെ മാത്രമല്ല സെക്യൂരിട്ടി ജോലിയിലുള്ള എല്ലാവരുടെയും അവസ്ഥയാണിത്. വീട്ടിൽ പോയിട്ട് രണ്ട് മാസമായി. ഒറ്റയ്‌ക്കായതിന്റെ ആശങ്കയുണ്ട്. പക്ഷേ വീട്ടിൽ വിളിക്കുമ്പോൾ ഒറ്റപ്പെടൽ പറഞ്ഞ് അവരെ പേടിപ്പിക്കാറില്ല. അല്ലെങ്കിലേ മുംബയിലുള്ള മകളെ ഓർത്ത് അവർക്ക് പേടിയാണ്. ഭക്ഷണ കാര്യത്തിൽ പ്രശ്നമില്ല. രണ്ട് വർഷമായി നഗരത്തിൽ ജോലി ചെയ്യുന്നുണ്ട്.

നിരവധി സെക്യൂരിറ്റി ജീവനക്കാരാണ് വിവിധ സ്ഥാപനങ്ങളിലുള്ളത്. ഒറ്റപ്പെട്ട സ്ഥാപനങ്ങളിലെ സെക്യൂരിറ്റിക്കാർക്കാണ് കൂടുതൽ പ്രതിസന്ധി. വൻകിട സ്ഥാപനങ്ങളിലൊഴികെയുള്ളിടത് ഒരാൾ മാത്രമാണ് സുരക്ഷയ്‌ക്കുള്ളത്.

മോഷ്ടാക്കളുൾപ്പെടെയുള്ളവരുടെ ആക്രമണ സാദ്ധ്യതയുമുണ്ട്. പലർക്കും മുഴുവൻ സമയ ഡ്യൂട്ടിയാണ്. ലോക്ക് ഡൗണായതോടെ സെക്യൂരിറ്റിക്കാരുടെ എണ്ണവും കുറവാണ്. ഇതോടെ പല സ്ഥാപനങ്ങളിലേയും ജീവനക്കാർ അവധിയില്ലാതെ ജോലിയെടുക്കുകയാണ്. ദിവസവും 12 മണിക്കൂറാണ് ജോലി സമയം. എന്നാൽ ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും 24 മണിക്കൂറാണ് ജോലി. ചിലയിടങ്ങളിലൊഴികെ കാര്യമായി വരുമാനവും ലഭിക്കുന്നില്ല. കൂടുതലും പ്രായമായവരാണ് സെക്യൂരിറ്റി ജോലിയിലുള്ളത്.