1

കോഴിക്കോട്: കൊവിഡിനെ തുടർന്ന് ഗൾഫിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നതും സുരക്ഷിതരല്ലാത്തവരുമായ പ്രവാസികളെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് നാട്ടിലെത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, കപ്പൽ ഗതാഗത മന്ത്രാലയം, സംസ്ഥാന സർക്കാർ എന്നിവർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് എം.കെ. രാഘവൻ സുപ്രീംകോടതിയെ സമീപിച്ചത്.

ഫിലിപ്പൈൻസ്, ഒമാൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ലോക്ഡൗൺ സമയത്ത് കേരളത്തിൽ നിന്ന് തങ്ങളുടെ തൊഴിലാളികളെ തിരിച്ചു കൊണ്ടുപോയി. കേരളം അന്യ സംസ്ഥാന തൊഴിലാളികൾക്ക് നൽകുന്ന പരിഗണനയെങ്കിലും പ്രവാസികൾക്ക് നൽകണം. വരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ വിവിധ എയർലൈൻ കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അത് സമയബന്ധിതമായി നടപ്പാക്കാൻ കോടതി ഇടപെടൽ വേണമെന്നും എം.കെ. രാഘവൻ ചൂണ്ടിക്കാട്ടി.