കോഴിക്കോട്: കൊവിഡ് - 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ മലയാളികളുടെ പ്രശ്‌നമ സർക്കാർ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. പ്രവാസികളുടെ ഇപ്പോഴത്തെ അവസ്ഥ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം തേടുന്നുണ്ട്. അതുകൊണ്ടു തന്നെ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, മേയർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ തുടങ്ങിയവരുമായി മന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ചു. ആശുപത്രികളിൽ ഉപകരണങ്ങളുടെ ലഭ്യതയും മരുന്നുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്.
വിഷമതകൾ അനുഭവിക്കുന്ന മറ്റു രോഗികൾക്ക് മരുന്നുകൾ എത്തിച്ച് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതിനായി ഹെല്പ് ഡെസ്‌ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾ കൂടുതൽ ജാഗ്രതയോടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും നിയന്ത്രണങ്ങൾ തുടരുകയും വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ വിഭാഗം ജനങ്ങളും കഴിയാവുന്ന സംഭാവന നൽകാൻ ശ്രമിക്കണം. നിരവധി സംഘടനകളും വ്യവസായികളും മുന്നോട്ടു വരുന്നുണ്ടെന്നത് ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു.
വീഡിയോ കോൺഫറൻസിംഗിൽ ജില്ലാ കളക്ടർ സാംബശിവ റാവു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ എന്നിവരും സംബന്ധിച്ചു.