കോഴിക്കോട്: കൊവിഡ് ലോക്ക് ഡൗണിൽ വീടുകളിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ മരുന്നുകളെത്തിച്ച് നരിക്കുനി അഗ്‌നിശമന സേനാംഗങ്ങൾ. ദിവസവും അഞ്ചു മുതൽ പത്തുവരെ രോഗികൾക്കാണ് അവശ്യമരുന്നുകൾ വീടുകളിലെത്തിക്കുന്നത്. ഇതിനകം 23 വീടുകളിൽ മരുന്നെത്തിച്ചതായി സേനാംഗങ്ങൾ പറഞ്ഞു. മരുന്ന് ആവശ്യമുള്ളവർ 101 എന്ന നമ്പറിൽ വിളിച്ചാൽ വാട്‌സ് ആപ്പ് നമ്പർ ലഭിക്കും. മരുന്നിന്റെ കുറിപ്പടി ഈ വാട്‌സ് ആപ്പ് നമ്പറിലേക്ക് അയച്ചാൽ മരുന്ന് വീട്ടിലെത്തിക്കുന്നതാണ് രീതി. അഗ്‌നിശമന സേനാംഗങ്ങളും സിവിൽ ഡിഫൻസും ചേർന്നാണ് മരുന്ന് എത്തിക്കുന്നത്. ഫാർമസിയുമായി ബന്ധപ്പെട്ട് ഓൺലൈനായും നേരിട്ടും മരുന്നുകളുടെ വില നൽകാം.
തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ നിന്നും അങ്കമാലിയിൽ നിന്നും വരെ മരുന്നുകൾ എത്തിച്ചതായി സ്‌റ്റേഷൻ ഓഫീസർ റോബി വർഗീസ് പറഞ്ഞു. നരിക്കുനി യൂണിറ്റിന് കീഴിൽ വരുന്ന കൊടുവള്ളി, ബാലുശ്ശേരി, എടക്കര, അമ്പലപ്പാട്, കിനാലൂർ, വാവാട്, കണ്ണാടിപൊയിൽ, പടനിലം, കളരിക്കണ്ടി, കളത്തിൽപാറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മരുന്ന് എത്തിച്ചിട്ടുണ്ട്.
കാൻസർ , വൃക്ക രോഗം, ഹൃദ്രോഗം, കരൾരോഗം എന്നിവയ്ക്കുള്ള മരുന്നുകളാണ് ആവശ്യപ്പെടുന്നവർ ഏറെയും. നാട്ടിൻ പുറത്തെ മെഡിക്കൽ ഷോപ്പുകളിൽ ഇവ ലഭ്യമല്ലാത്തതിനാൽ മെഡിക്കൽ കോളേജിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നോ കോഴിക്കോട് നഗരത്തിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നോ മരുന്ന് ശേഖരിച്ചാണ് എത്തിക്കുന്നത്.