photo

ബാലുശ്ശേരി: 'ഹലോ, മനോജ് കുന്നോത്തല്ലേ? തിരക്കിലാണോ...? അതെ എന്നാലും പറഞ്ഞോളൂ". ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ സാമൂഹ്യ പ്രവർത്തകനായ മനോജിന്റെ ഫോണിന് വിശ്രമമില്ല. ബാലുശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിലെ വീട്ടുകാർക്ക് ആവശ്യ സാധനങ്ങളെല്ലാം മനോജ് വീട്ടിലെത്തിക്കും. പണവും ലിസ്റ്റും ന‌ൽകിയാൽ എത്രയും പെട്ടന്ന് സാധനങ്ങൾ വീട്ടിലെത്തിക്കും.കൊവിഡ് വ്യാപനം തടയാൻ എന്തു റിസ്‌ക്കെടുക്കാനും ഗാന്ധി യുവ മണ്ഡലം ജില്ലാ സെക്രട്ടറിയായ മനോജ് റെഡിയാണ്. രാവിലെ നാലിന് എഴുന്നേറ്റാൽ രാത്രി വൈകുവോളം മനോജിന്റെ സേവനമുണ്ടായിരിക്കും.

മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും പോയി സാധനങ്ങൾ വാങ്ങി വീട്ടുകാർക്കെത്തിക്കും. നാലര വർഷമായി മനോജ് സാമൂഹിക പ്രവർത്തന രംഗത്തുണ്ട്. താൻ അംഗമായ ബാപ്പുജി ട്രസ്റ്റിന്റെ സൗജന്യ ഭക്ഷണപ്പൊതിയും ഭക്ഷണ കിറ്റും വിതരണം ചെയ്യുന്നതിനും മനോജ് സമയം കണ്ടെത്തുന്നുണ്ട്. ബാലുശ്ശേരി പഞ്ചായത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങൾക്കും അഗതികൾക്കും ഭക്ഷണമെത്തിക്കുന്നതിന് സന്നദ്ധ സംഘടനകൾക്കൊപ്പം മനോജിന്റെ സാന്നിദ്ധ്യവുമുണ്ടാവും. ടൗണിലെ ശുചീകരണ പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തും. കഴിഞ്ഞ ദിവസം വാഹനമിടിച്ച് ചത്ത നായയുടെ ജഡം കുഴിച്ചിട്ടതും ഇദ്ദേഹമായിരുന്നു.

കോഴിക്കോട്ടെ തെരുവുകളിലുള്ള അഗതികൾക്ക് ഭക്ഷണപ്പൊതി നൽകുന്ന മദ്യനിരോധന സമിതിയുടെ കാരുണ്യ പ്രവർത്തനത്തിലും നിറ സാന്നിദ്ധ്യമാണ് മനോജ്. ബാലുശ്ശേരി പഞ്ചായത്ത് മെമ്പറായ ഭാര്യ റീ ജയോടൊപ്പം വാർഡിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമാണ് മനോജ്.