കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 48 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 10695 ആയി. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത പന്ത്രണ്ടാമത്തെ ദിവസമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 5 പേരെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു. നിലവിൽ മൂന്ന് പേരാണ് ആശുപത്രിയിൽ തുടരുന്നത്. ജില്ലയിൽ 223 പേർ കൂടി നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 212 എണ്ണത്തിന്റെ ഫലം ലഭിച്ചു. പത്തെണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളിൽ 1090 വാഹനങ്ങളിലായി എത്തിയ 1646 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങളില്ല.

മത്സ്യമാർക്കറ്റുകളിൽ സംയുക്ത പരിശോധന
കൽപ്പറ്റ: ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തിൽ സുൽത്താൻ ബത്തേരി, മീനങ്ങാടി, മാനന്തവാടി എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റുകളിലും ഫിഷ് സ്റ്റാളുകളിലും പരിശോധന നടത്തി. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പഴകിയ ചൂത, അയി​ല, ചെമ്മീൻ (34.5 കിലോ) മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടതി​നെ തുടർന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ നിഷ പി. മാത്യു, എ.പ്രബീഷ്, ഫിഷറീസ് വകുപ്പ് ഡെവലപ്പ്‌മെന്റ് ഓഫീസർ കെ. നിഖില, കെ. ദിലീപ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

സുൽത്താൻ ബത്തേരി മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സന്തോഷ്, മീനങ്ങാടി മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ മീനങ്ങാടി സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ കെ.എം ഷാജി തുടങ്ങിയവർ പങ്കെടുത്തു. തുടർന്നുളള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർപി.ജെ വർഗ്ഗീസ് അറിയിച്ചു.


(ചിത്രം)

ജീവനി സഞ്ജീവനി:
പച്ചക്കറിയുമായി ഗ്രാമങ്ങളിൽ പ്രത്യേക വാഹനമെത്തും


കൽപ്പറ്റ: കോവിഡ് കാലത്ത് ജില്ലയിലെ കർഷകർക്ക് ആശ്വാസമായി വീണ്ടും കൃഷി വകുപ്പിന്റെ നേതൃത്വത്തി​ൽ ജീവനി സഞ്ജീവനി, കർഷകർക്കൊരു കൈത്താങ്ങ് എന്ന പേരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ പ്രത്യേക പച്ചക്കറി വണ്ടികൾ ഗ്രാമങ്ങളിലേക്ക് ഓടിത്തുടങ്ങി. കളക്‌ട്രേറ്റിൽ നടന്ന ആദ്യ വിതരണം സി.കെ ശശീന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ശാന്തി, എ.ഡി.എ അജയ് അലക്സ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജില്ലയിൽ നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന 15 ഉല്പാദക കമ്പനികളുടെ നേതൃത്വത്തിലാണ് വാഹനത്തിൽ പച്ചക്കറികൾ വിൽപ്പന നടത്തുന്നത്. ഉപഭോക്താക്കൾക്ക് വാഹനത്തിൽ നിന്ന് സാധനങ്ങൾ വാങ്ങാനുളള സൗകര്യത്തോടൊപ്പം നിശ്ചിത അളവിൽ കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാനും കഴിയും. വിൽക്കുന്ന ഉൽപന്നങ്ങളുടെയും വാങ്ങുന്ന സാധനങ്ങളുടെയും വില നിലവാരം ജില്ലാഭരണകൂടം മൂന്നുദിവസം കൂടുമ്പോൾ നിശ്ചയിക്കും. ജില്ലാ ഭരണകൂടത്തിന്റെ സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരാണ് സഞ്ജീവനി പച്ചക്കറി വണ്ടിയിൽ ഉണ്ടാവുക. അതാതു പ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങളുടെയും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും വാട്സാപ്പ് കൂട്ടായ്മ വഴി വാഹനം എത്തുന്ന സ്ഥലവും വാഹനത്തിലുള്ള ഉൽപന്നങ്ങളുടെ പേരുവിവരവും വിലനിലവാരവും പൊതുജനങ്ങളെ അറിയിക്കും.

സഞ്ജീവനി വാഹനം ഗ്രാമങ്ങളിൽ എത്തുമ്പോൾ പണം നൽകി ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾ വാങ്ങാം. വാഹനങ്ങൾ ഗ്രാമങ്ങളിൽ എത്തുന്ന സ്ഥലം, സമയം, ഉൽപ്പന്നത്തിന്റെ വില എന്നിവ അക്ഷയ സംരംഭകർ വഴിയും കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴിയും വാട്സ്ആപ്പ് സന്ദേശമായി ജനങ്ങളിലെത്തിക്കും.


നാട്ടുചന്തകൾ ഇന്നു മുതൽ
കൽപ്പറ്റ: കർഷകരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാട്ടു ചന്ത നടത്തും. ഞായറാഴ്ച മുതൽ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ പുൽപ്പള്ളി, ബത്തേരി, മീനങ്ങാടി,പനമരം, മാനന്തവാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ് നാട്ടുചന്ത നടത്തുന്നത്. ആവശ്യക്കാർക്ക് മൊത്തമായും ചില്ലറയായും കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരമുണ്ട്. വിശദവിവരങ്ങൾക്ക്: 9656347995, 9074026265, 7356166881, 9656224271, 9656495737.

കണ്ണട, എയർ കണ്ടീഷൻ കടകൾ തുറക്കാം
കൽപ്പറ്റ: ജില്ലയിൽ എയർ കണ്ടീഷൻ, ഫാൻ, കണ്ണട എന്നിവ വിൽക്കുന്ന കടകൾക്ക് നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. എയർ കണ്ടീഷണർ, ഫാൻ എന്നിവ വിൽക്കുന്ന കടകൾക്ക് എല്ലാ ഞായറാഴ്ച്ചയും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ പരമാവധി 3 ജീവനക്കാരെ നിയോഗിച്ച് തുറന്ന് പ്രവർത്തിക്കാം. കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ പരമാവധി 2 ജീവനക്കാരെയും നിയോഗിച്ച് തുറന്ന് പ്രവർത്തിക്കാം.

ഇറച്ചിക്കോഴി വില 165 രൂപ
കൽപ്പറ്റ: ജില്ലയിലെ ഇറച്ചിക്കോഴി വില 165 രൂപയായി നിശ്ചയിച്ച് ജില്ലാ ഭരണകൂടം ഉത്തരവി​റക്കി​. ആവശ്യമെങ്കിൽ നാല് ദിവസത്തിനകം വില പുന:പരിശോധിക്കും.