കൽപ്പറ്റ: വയനാട് ജില്ലയിലെ 17ാമത്തെ പൊലീസ് സ്‌റ്റേഷനായി നൂൽപ്പുഴ പൊലീസ് സ്‌റ്റേഷൻ ഈ മാസം 14ന് പ്രവർത്തനം ആരംഭിക്കും. കർണാടക- തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന നെന്മേനി, നൂൽപ്പുഴ പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് നൂൽപ്പുഴ പൊലീസ് സ്‌റ്റേഷന്റെ പരിധിയിൽ വരുന്നത്.
ഇതുവരെ ബത്തേരി-അമ്പലവയൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽപ്പെട്ടവയായിരുന്നു ഈ പ്രദേശങ്ങൾ. പുതിയ സ്‌റ്റേഷൻ വരുന്നത് ബത്തേരി സ്‌റ്റേഷനിലെ പൊലീസുദ്യോഗസ്ഥർക്ക് ആശ്വാസമാകും.
നൂൽപ്പുഴ, നമ്പ്യാർകുന്ന് അതിർത്തി ചെക്ക്‌പോസ്റ്റുകൾ ഈ സ്‌റ്റേഷൻ പരിധിയിലാണ്. ഏറെകാലമായിട്ടുള്ള ഇവിടുത്തെ ജനങ്ങളുടെ ആവശ്യമാണ് നിറവേറാൻ പോകുന്നത്.
ചീരാലിനും നമ്പ്യാർകുന്നിനും ഇടയിലുള്ള കുടുക്കിയിലെ മൂന്നുനില വാടകകെട്ടിടത്തിലാണ് പുതിയ സ്‌റ്റേഷൻ തുടങ്ങുന്നത്. ആവശ്യമായ ഉപകരണങ്ങളും ഫർണിച്ചറുകളും സി.സി.ടി.എൻ.എസ് പോലുള്ള സാങ്കേതിക സംവിധാനങ്ങളുമെല്ലാം പുതിയ സ്‌റ്റേഷനിൽ സജ്ജമാക്കിയിട്ടുണ്ട്. ലോക്കപ്പ് സൗകര്യവും ഉണ്ട്.
നൂൽപ്പുഴ സ്‌റ്റേഷനിൽ ഒരു ഇൻസ്‌പെക്ടർ, ഒരു എസ്.ഐ, നാല് എ.എസ്.ഐ, ഏഴ് സീനിയർ സി.പി.ഒ, 25 സി.പി.ഒ, അഞ്ച് വുമൺ സി.പി.ഒ, ഒരു ഡ്രൈവർ ഉൾപ്പെടെ 45 പേരാണ് ഉണ്ടാവുക. തുടക്കത്തിൽ 33 പോലീസുദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. മാനന്തവാടി സബ്ബ് ഡിവിഷനു കീഴിലാണ് ഈ സ്‌റ്റേഷൻ. പൊലീസ് സ്‌റ്റേഷൻ ഫോൺ നമ്പർ: 04936-263400.