തിരുവമ്പാടി: പുല്ലൂരാംപാറയിലെ പൊതുവിതരണ കേന്ദ്രത്തിൽ നിന്നുള്ള പലവ്യഞ്ജന കിറ്റ് വിതരണത്തെ ചൊല്ലി വിവാദം. വിലക്ക് കണക്കിലെടുക്കാതെ ആളുകളെ കൂട്ടത്തോടെ എത്തിക്കാനിടയാക്കിയതായി ആരോപിച്ച് തിരുവമ്പാടി പഞ്ചായത്ത് അധികൃതർ തന്നെ രംഗത്തുവന്നു.

മേലേപൊന്നാങ്കയം ആദിവാസി കോളനിയിലെ കുടുംബങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണം വെള്ളിയാഴ്ചയായിരുന്നു. ഇവ വാങ്ങി വിതരണം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റിനെ മുന്നിൽ നിറുത്തി ഡി വൈ എഫ് ഐ പ്രവർത്തകർ ശ്രമിച്ചപ്പോൾ ലൈസൻസീ വഴങ്ങാതിരുന്നതാണ് പരാതിക്ക് കാരണമെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആരോപിക്കുന്നു. കാർഡുടമകൾക്ക് കടകളിൽ നിന്ന് നേരിട്ടു കിറ്റുകൾ നൽകാനാണ് നിർദ്ദേശമെന്ന് കട ഉടമയും പറഞ്ഞു. കൂട്ടത്തോടെ ആളുകൾ കിറ്റു വാങ്ങാനെത്തിയതിനും ലോക്ക് ഡൗൺ ലംഘനത്തിനും ഉത്തരവാദികൾ സി പി എം പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസും ആരോപിക്കുന്നു. ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പി. സിജു പറഞ്ഞു.