മുക്കം: സംസ്ഥാന സർക്കാരിന്റെ 12 ഇന പരിപാടിയിലുൾപ്പെട്ട കുടുംബശ്രീ ജനകീയ ഹോട്ടൽ മുക്കത്ത് പ്രവർത്തനമാരംഭിച്ചു. ഇവിടെ ഉച്ചഭക്ഷണത്തിന് 20 രൂപ മാത്രം. പാഴ്സലെങ്കിൽ 25 രൂപ. മുക്കം അങ്ങാടിയിൽ പി.സി റോഡിലുള്ള "തീരം" ടീ ഷോപ്പിലാണ് തത്കാലം ഹോട്ടൽ പ്രവർത്തിക്കുക. കമ്മ്യൂണിറ്റി കിച്ചണിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകൾ പ്രത്യേകമായി തന്നെ പ്രവർത്തിക്കണമെന്ന സർക്കാർ നിർദ്ദേശ പ്രകാരമാണ് ഈ മാറ്റം.
കുടുംബശ്രീ പ്രവർത്തകരായ ജാനകി, ഷൈന, ജോഷില എന്നിവരാണ് നടത്തിപ്പ് ചുമതല. നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ലീല, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു രാഘവൻ എന്നിവർ സംബന്ധിച്ചു.