കുന്ദമംഗലം: ഇനി തണ്ണീർമത്തന് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട. കീടനാശിനി പ്രയോഗമോ കുത്തിവയ്പ്പോ ഇല്ലാതെ തനി നാടൻ തണ്ണീർമത്തൻ കുന്ദമംഗലത്ത് വിളഞ്ഞ് കഴിഞ്ഞു. കുന്ദമംഗലം അങ്ങാടിക്ക് സമീപം വെളൂർ പാടശേഖരത്താണ് തണ്ണീർമത്തൻ പാകമായി നിൽക്കുന്നത്. ചിത്രാത്ത് മുകുന്ദനും സുഹൃത്തുക്കളായ ജയരാമനും ശിവദാസനും ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതാണ് തണ്ണീർമത്തൻകൃഷി. വെണ്ടയും വെള്ളരിയും മത്തനുമൊക്കെ കൃഷിചെയ്യുന്നതിനൊപ്പം തണ്ണീർമത്തനും കൃഷിചെയ്തു. ലോക്ക് ഡൗണിൽ ലക്ഷങ്ങൾ മുടക്കിയുള്ള കൃഷി നഷ്ടത്തിലാവുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാൽ വിളവെടുപ്പ് തുടങ്ങിയതോടെ വയലിൽ നിന്നു തന്നെ എല്ലാം തീർന്നു. തണ്ണീർമത്തൻ ആവശ്യപ്പെട്ട് നിരവധി പേർ പാടത്ത് എത്തുന്നുണ്ടെങ്കിലും വിളവെടുപ്പ് സമയത്ത് എല്ലാവർക്കും കൊടുക്കുവാൻ കഴിയുമോ എന്ന ആശങ്കയിലാണ് കർഷകർ.