കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ ആന്റ് യൂറോളജി സെന്റർ ചെയർപേഴ്സണും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ.പി.എ ലളിത (69) നിര്യാതയായി. ദീർഘ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയോടെ നടക്കാവ് ക്രോസ് റോഡിലെ 'അമ്പിളി'യിലെത്തിക്കും. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മാവൂർ റോഡ് ശ്മശാനത്തിൽ.
പ്രമുഖ യൂറോളജിസ്റ്റും മലബാർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറുമായ ഡോ.വി.എൻ.മണിയാണ് ഭർത്താവ്. മകൾ: ഡോ. മിലി മണി (മലബാർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ). മരുമകൻ: ഡോ.കോളിൻ ജോസഫ് (മലബാർ ഹോസ്പിറ്റൽ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ).
കോഴിക്കോട്ടെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന ഡോ.ലളിത, ചേർത്തല അയ്യാവു ആചാരി - രാജമ്മ ദമ്പതികളുടെ മകളാണ്.
ഇന്ത്യൻ മെഡിക്കൽ അസോ.വനിതാ വിഭാഗം സംസ്ഥാന സ്ഥാപക ചെയർപേഴ്‌സണാണ്. എെ.എം.എ വനിതാ വിഭാഗം ദേശീയ സ്ഥിരംസമിതി അംഗം, കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കൈയ്യൊപ്പ്, മരുന്നുകൾക്കപ്പുറം, കൗമാരം: അറിയേണ്ടതെല്ലാം എന്നിങ്ങനെ
നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ വനിതാരത്‌നം അവാർഡ്, ഐ.എം.എ പുരസ്‌കാരം, ഇൻഡോ അറബ് കോൺഫെഡറേഷൻ അവാർഡ്, ഡോ.രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷന്റെ പ്രസാദ് ഭൂഷൺ അവാർഡ്, ഡോ.പൽപ്പു സ്മാരക അവാർഡ്, ധന്വന്തരി പുരസ്‌കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.