കോഴിക്കോട്: പേരാമ്പ്ര കൃഷിഭവന്റെ കീഴിൽ എടവരാടുള്ള എ ഗ്രേഡ് ക്ലസ്റ്റർ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് ജൈത്രയാത്ര തുടരുന്നു. കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ പന്ത്രണ്ടര ഏക്കർ സ്ഥലത്ത് ആരംഭിച്ച കൃഷിയിൽ വെള്ളരി, വെണ്ട, പയർ, ചീര, പാവയ്ക്ക, പടവലം, എളവൻ, തണ്ണിമത്തൻ എന്നിവയെല്ലാം ഉണ്ട്. 40 അംഗങ്ങളുടെ കഠിനാധ്വാനമാണ് ജൈവ രീതിയിലുള്ള കൃഷിക്കു പിന്നിലെന്നു പറയാം. പേരാമ്പ്ര മാർക്കറ്റിൽ കൃഷി വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച ഏ ഗ്രേഡ് ക്ലസ്റ്ററിന്റെ മാർക്കറ്റിലാണ് പച്ചക്കറി വിൽപ്പന. ജൈവ പച്ചക്കറിയായതിനാൽ ആവശ്യക്കാർ ഏറെയാണെന്ന് ഇവർ പറയുന്നു. വിളവെടുപ്പിന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് പേരാമ്പ്ര സീനിയർ കൃഷി അസിസ്റ്റന്റ് ഇ.ആർ.ജയേഷ്, ക്ലസ്റ്റർ കൺവീനർമാരായഹമീദ് ആദിയാട്ട്, മജീദ്, സത്യൻ എന്നിവർ പങ്കെടുത്തു.