kerala-police

കോഴിക്കോട്: കൊവിഡിനെ പ്രതിരോധിക്കാനുള്ള ലോക്ക് ഡൗൺ ഫലപ്രദമാക്കുന്നതിനുള്ള ജാഗ്രതയിലാണ് കോഴിക്കോട് സിറ്റി പൊലീസ്. കൂടാതെ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ, വൃദ്ധർ, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവർക്കെല്ലാം കൈത്താങ്ങുമായി ഓടിയെത്തുന്നുണ്ട്. ഇതിനകം 2333 വൃദ്ധർക്കാവശ്യമായ സഹായമെത്തിച്ചതാി സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് അറിയിച്ചു.

സിറ്റി പൊലീസ് പരിധിയിലുള്ള 19,000 അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിന് 60 ഹോം ഗാർഡുകളെയാണ് നിയമിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് നടപ്പിലാക്കി. ഇവർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

സിറ്റി പരിധിയിലുള്ള 31 റവന്യൂ വില്ലേജുകളിൽ വില്ലേജ് ഓഫീസർമാരെ സഹായിക്കുന്നതിന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ വീതം നിയമിച്ചിട്ടുണ്ട്. കോവിഡ് ദൈനംദിന പ്രവർത്തനങ്ങൾക്കായി ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിക്കുകയാണെന്നും എ.വി. ജോർജ് അറിയിച്ചു. നിരീക്ഷണത്തിലുള്ള മുഴുവൻ ആളുകളുടെയും വിവരങ്ങൾ ഡി.സി.പി, എ.സി.പി എന്നിവർ നേരിട്ട് അന്വേഷിച്ച് അവർക്ക് മാനസിക പിന്തുണ നൽകും.

ജനമൈത്രി ബീറ്റിനായി നിയമിച്ച 80 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നിലവിൽ സിറ്റി പൊലീസ് പരിധിയിലുള്ള 60 സ്ഥലങ്ങളിൽ വാഹന പരിശോധന നടക്കുന്നുണ്ടെന്നും എ.വി. ജോർജ് അറിയിച്ചു.

കണക്കുകൾ ഇങ്ങനെ

 സിറ്റി പൊലീസ് സഹായമെത്തിച്ച വൃദ്ധർ - 2333

 സിറ്റി പരിധിയിലുള്ള അന്യസംസ്ഥാന തൊഴിലാളികൾ-19,000

 തൊഴിലാളികളുടെ ക്ഷേമത്തിന് നിയമിച്ച ഹോം ഗാർഡുകൾ- 60

 ജനമൈത്രി ബീറ്റിനായി നിയമിച്ച പൊലീസുകാർ - 80

 പൊലീസിന്റെ വാഹന പരിശോധനയുള്ള സ്ഥലങ്ങൾ - 60