news

കുറ്റ്യാടി: ലോക്ക് ഡൗണിന്റെ അതിരുകളൊന്നും കുട്ടിപ്രതിഭകളുടെ സർഗസൃഷ്ടിക്ക് തടസ്സമായില്ല. അകലങ്ങളിലിരുന്ന് വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ കണ്ടും കേട്ടും അവർ ഒരേ മനസ്സോടെ നീങ്ങിയപ്പോൾ കൊവിഡ് ബോധവത്കരണ വീഡിയോ ചിത്രം പിറന്നു; 'കരുതലാണ് കരുത്ത് '. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 'വീ വിൻ" കൂട്ടായ്മയിലെ 24 വിദ്യാർത്ഥികളാണ് വീഡിയോ ചിത്രം തയ്യാറാക്കിയത്.
ലോക്ക് ഡൗൺ വേളയെ കൂടുതൽ സർഗാത്മകമാക്കാനുള്ള ശ്രമങ്ങളിലാണ് കൂട്ടായ്മ. കുടുംബാംഗങ്ങൾ മുഴുവൻ നേരവും ഒന്നിച്ചിരിക്കുന്ന അപൂർവ അവധിക്കാലത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഇതിനിടയ്ക്ക് കുടുംബമേളയായി 'സർഗ്ഗവേള" പദ്ധതിയും നടപ്പാക്കി. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ രൂപീകരിച്ച 'സർഗവേള"യിലൂടെ എഴുത്തും വായനയും കലയും കൃഷിയും കരകൗശലവും സാങ്കേതികവിദ്യയും നാടൻ കളികളും നാടോടിക്കഥകളും പൂന്തോട്ട നിർമ്മാണവും പാചക പരീക്ഷണവും ചലച്ചിത്രാസ്വാദനവും എല്ലാം വിദ്യാർത്ഥികൾ ആഘോഷമാക്കുകയാണ്. താത്പര്യമുള്ള മേഖലയിലെ പ്രവർത്തനങ്ങൾ ഓരോരുത്തർക്കും വീഡിയോ ആക്കി ഗ്രൂപ്പിൽ പങ്കുവയ്‌ക്കാനും ചർച്ച ചെയ്യാനും അവസരവുമുണ്ട്. ഗ്രൂപ്പിലൂടെ ഇതിനകം തന്നെ കരകൗശല നിർമ്മാണത്തിന്റെയും ചിത്രരചനയുടെയും പാചകത്തിന്റെയും അടുക്കള തോട്ടത്തിന്റെയും പ്രവർത്തനങ്ങൾ പടരുകയാണ്

തൊടിയിലെയും പക്ഷികളെ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കുന്ന 'അറിയാം പറവകളെ" പദ്ധതിയ്ക്ക് പക്ഷി നിരീക്ഷകൻ ഡോ. അബ്ദുള്ള പാലേരി തുടക്കം കുറിച്ചു.

'കരുതലാണ് കരുത്ത്" എന്ന ബോധവത്കരണ വീഡിയോയുടെ പ്രകാശനം നിർവഹിച്ചത് മന്ത്രി ടി.പി. രാമകൃഷ്ണനാണ്. ഹെഡ്മാസ്റ്റർ എ.എം. കുര്യൻ സംസാരിച്ചു. പ്രിൻസിപ്പൽ വി.വി. ബാലകൃഷ്ണൻ, പി.ടി.എ പ്രഡിഡന്റ് അബ്ദുൽ റസാഖ് എന്നിവരും സംബന്ധിച്ചു. അദ്ധ്യാപകരായ എൻ.പി. പ്രേം രാജ്, കെ.എ. രേഖ, സലീന, ജയശ്രീ എന്നിവരാണ് കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടക്കാരായുള്ളത്.