കോഴിക്കോട്: ലോക് ഡൗൺ കാരണം ആശുപത്രിയിൽ പോകാനാകാത്തവർക്കായി ആയുർവേദ ഡോക്‌ടർമാർ ടെലി മെഡിസിൻ സംവിധാനമൊരുക്കുന്നു. ക്ലിനിക്കുകൾ തുറക്കാനാകാത്ത സാഹചര്യത്തിലാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ കോഴിക്കോട് ഘടകം 'വൈദ്യസ്‌പർശം ഓൺലൈൻ" എന്ന പേരിൽ ചികിത്സ ഉറപ്പാക്കുന്നത്. രാവിലെ ഒമ്പതര മുതൽ വൈകിട്ട് അഞ്ചരവരെയാണ് ഓൺലൈനിൽ സേവനം ലഭിക്കുക.
ഓൺ ലൈനുമായി ബന്ധപ്പെടുമ്പോൾ രോഗവിവരങ്ങളും പരിഹാരവും സംബന്ധിച്ച സംശയങ്ങൾ രോഗിയ്‌ക്ക് ഡോക്ടർമാരുമായി പങ്കുവയ്‌ക്കാം. ഇതിനായി ഓരോ പ്രദേശത്തേയും ഡോക്ടർമാരെ രോഗികളുമായി ബന്ധപ്പെടുത്തും. ഡോക്ടറിൽ നിന്ന് സംശയ നിവാരണം നടത്തിയ ശേഷം മരുന്നുകളുടെ വിവരം വാട്സ്ആപ്പിലോ ഇ-മെയിലിലോ അയക്കും. അടുത്തുള്ള ഫാർമസികളിൽ മരുന്നും ലഭ്യമാക്കും.
ഔഷധങ്ങൾ വീട്ടിൽ നിർമ്മിക്കാനുള്ള നിർദ്ദേശങ്ങളും നൽക്കും. ടെലി കൗൺസിൽ പദ്ധതിയിലൂടെ മാനസിക പിരിമുറുക്കം, മദ്യാസക്തി, പരീക്ഷ വൈകുന്നവരുടെയും മരുന്നു കഴിക്കുന്നവരുടെയും ആശങ്കകൾ എന്നിവയ്‌ക്കുള്ള കൗൺസലിംഗും നൽകും. ജില്ലയ്‌ക്ക് പുറത്ത് നിന്നും നിരവധി പേർ പദ്ധതിയിലൂടെ ആശ്വാസം കണ്ടെത്തുന്നുണ്ട്. ടെലി കൗൺസലിംഗ് : 9497333976, ഓൺലൈൻ സേവനം: 9400489905.