പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യസാധനങ്ങളുടെ പ്രവാഹം. വിവിധ സന്നദ്ധ സംഘടനകൾ, ക്ഷേത്ര കമ്മിറ്റി പ്രവർത്തകർ, ജനശ്രീ തുടങ്ങിയവരെല്ലാം കലവറ നിറയ്ക്കാൻ 'മത്സര'മാണ്.
സാധനങ്ങളുടെ ലഭ്യതക്കുറവുകാരണം പല പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം മന്ദഗതിയിലായപ്പോൾ പയ്യോളിയിലെ കിച്ചൺ സദാസമയവും സജീവമാണ്. രാവിലെ ഏഴിന് കിച്ചണിലെ അടുപ്പിൽ തീ പകർന്നാൽ പാചകക്കാരായ രാജീവനും ഫൈസലിനും ഗഫൂറിനും തിരക്കോട് തിരക്കാണ്.
ഒരു ദിവസം കിച്ചൺ പ്രവർത്തിക്കാൻ ഏകദേശം 6500 രൂപ വേണ്ടി വരും. ഇതിൽ 80 ശതമാനവും സന്നദ്ധ സംഘടനകളുടെ സഹായമാണ്. ഗ്യാസും മറ്റു ചിലവുകളും മുനിസിപ്പാലിറ്റി വഹിക്കും. സന്നദ്ധ പ്രവർത്തകരുടെ സഹകരണമുള്ളതിനാൽ പതിനാലാം തിയ്യതി വരെയുള്ള ഭാഷ്യസാധനങ്ങൾ കരുതൽ ശേഖരത്തിലുണ്ടെന്ന് മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ ടി.പി.പ്രജീഷ് കുമാർ പറഞ്ഞു.
300 പേർക്കാണ് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്. 50ഓളം പേർ 20 രൂപയ്ക്കു ഭക്ഷണം വാങ്ങാനെത്തും. നഗരത്തിന്റെ പല ഭാഗങ്ങളിലായി തെരുവിൽ കഴിയുന്ന 20 ഓളം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതായി ചെയർപേഴ്സൺ വി.ടി.ഉഷ പറഞ്ഞു.
75 കിലോ അരി ഒരുദിവസം വേണ്ടി വരും . ചില ദിവസങ്ങളിൽ സന്നദ്ധ സംഘടനകൾ മുഴുവൻ ചിലവുകളും വഹിച്ച് സ്പെഷ്യൽ ഭക്ഷണവും ഒരുക്കുന്നുണ്ട്. ഭക്ഷണം പാക്ക് ചെയ്യാൻ പയ്യോളിയിലെ ജനശ്രീ സംഘങ്ങളാണ് വാഴയില എത്തിക്കുന്നത്. കഴിഞ്ഞ ദിവസം വെൽഫെയർ പാർട്ടിയുടെ വക വെജിറ്റബിൾ ബിരിയാണിയായിരുന്നു. വിഷു ദിനത്തിൽ ദിശ പയ്യോളി നോൺവെജ് വിഭവങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ്. ഇരിങ്ങലിലെ അറവയിൽ കുട്ടിച്ചാത്തൻ ക്ഷേത്ര കമ്മിറ്റി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വടകര യൂണിറ്റ്, ലയൺസ് ക്ലബ് പയ്യോളി, കേരളം സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ അയനിക്കാട്, പയ്യോളി യൂണിറ്റുകൾ എന്നിവരെല്ലാം കിച്ചണിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ചിട്ടുണ്ട്.