water-bill

കോഴിക്കോട്: ലോക്ക് ഡൗൺ സാഹചര്യത്തിൽ, കാഷ് കൗണ്ടറുകളുടെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ച സാഹചര്യത്തിൽ വെള്ളക്കരം അടയ്ക്കാൻ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാന്നെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഓൺലൈൻ വഴി വെള്ളക്കരമടയ്ക്കാൻ https://epay.kwa.kerala.gov.in/ എന്ന ലിങ്ക് സന്ദർശിക്കാം. സംശയങ്ങൾക്ക് 8547638282, 9547001220 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

ബിൽ തീയതി മുതൽ 30 ദിവസം വരെ, ഭാരത് ബിൽ പേ സംവിധാനം വഴിയും പേ ടിഎം, പൈസ പേ, ഗൂഗിൾ പേ തുടങ്ങിയ ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയും അധിക ചാർജില്ലാതെ എ.ടി.എം കാർഡ് വഴിയും വെള്ളക്കരം അടയ്ക്കാനാകും. ഓൺലൈനായി അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയുടെ ഒരു ശതമാനം കിഴിവ് വാട്ടർ അതോറിറ്റി നൽകുന്നുണ്ട്. ഒരു ബില്ലിൽ പരമാവധി നൂറു രൂപയായിരിക്കും ഇത്തരത്തിൽ കുറച്ചു നൽകുക. വ്യാവസായിക കണക്‌ഷനുകളുടെ ബില്ലുകൾ, മറ്റു കണക്‌ഷനുകളുടെ 2000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ എന്നിവയുടെ അടവ് ഓൺലൈൻ വഴി മാത്രമാണ് സ്വീകരിക്കുക.

നിലവിൽ മീറ്റർ റീഡിംഗ് പ്രവൃത്തി നിറുത്തിവച്ചതിനാൽ മുൻ ശരാശരി ഉപഭോഗം കണക്കാക്കി ബിൽ തയാറാക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് സാധാരണ നിലയിലേക്കു മടങ്ങുമ്പോൾ മീറ്റർ റീഡിംഗ് എടുത്ത ശേഷം ബില്ലുകൾ പുനർനിർണയിച്ചു നൽകും. കൊവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശമനുസരിച്ച് വെള്ളക്കരം അടയ്ക്കാൻ മാർച്ച് 24 മുതൽ ഒരു മാസത്തെ സാവകാശം നൽകുന്നുണ്ട്. ഈ കാലയളവിൽ പിഴ ഈടാക്കില്ലെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.