വള്ളിക്കുന്ന് : സൗദിയിൽ കഴിഞ്ഞ മാസം മരിച്ച വള്ളിക്കുന്ന് സ്വദേശിയുടെ മൃതദേഹം ഇനിയും നാട്ടിലെത്തിക്കാനായില്ല. മാർച്ച് പത്തിന് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ച വള്ളിക്കുന്ന് സ്വദേശി പട്ടയിൽ കല്ലുവളപ്പിൽ അരവിന്ദന്റെ (61) മൃതദേഹം ഒരുമാസമായി അൽഹസയിൽ കിംഗ് ഫഹദ് ആശുപത്രിയിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് കൊവിഡ്-19ന്റെ പേരിൽ വിമാനസർവീസുകൾ നിറുത്തലാക്കിയത്. ഒരുമാസത്തിലേറെയായി മൃതദേഹം കാത്ത് കുടുംബം കണ്ണീരോടെ കഴിയുകയാണ് . വിമാനസർവീസ് എന്ന് പുനഃരാരംഭിക്കുമെന്ന് അറിയില്ല. നവോദയ സാംസ്‌കാരിക വേദി മുബാസ് ഏരിയയിലെ മഹാസി യൂണിറ്റംഗവും മുൻ സെക്രട്ടറിയുമായിരുന്നു അരവിന്ദൻ. അൽഹസയിൽ നിർമ്മാണ മേഖലയിൽ 30 വർഷമായി ജോലി ചെയ്യുകയായിരുന്നു . കഴിഞ്ഞ മൂന്നുവർഷത്തോളമായി കമ്പനി പൂട്ടിയതിനാൽ താമസരേഖകൾ പുതുക്കിയിരുന്നില്ല. ഭാര്യ : സുമതി. മക്കൾ : അനുശ്രീ ,അശ്വിൻ . മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നവോദയ സാമൂഹിക ക്ഷേമ വിഭാഗം നേതൃത്വം നൽകി വരുന്നുണ്ട്. ഇക്കാര്യത്തിൽ വിദേശകാര്യസഹമന്ത്രി ഇടപെടണമെന്നാണ് കുടുംബത്തിന്റെ അഭ്യർത്ഥന..