കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ 25 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 9912 പേരായി. ജില്ലയിൽ 439 പേർ കൂടി നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ച 223 സാമ്പിളുകളിൽ നിന്ന് 221 എണ്ണത്തിന്റെ ഫലം ലഭിച്ചു. 11 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

പുതിയതായി രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ആറായി. മറ്റു സംസ്ഥാനങ്ങളിൽ വിമാനം ഇറങ്ങി അവിടെ കോവിഡ് കെയർ സെന്ററുകളിൽ ക്വാറന്റയിനിൽ കഴിയുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാവുകയും ചെയ്തവർ ജില്ലയിലേക്ക് എത്തിയാൽ പതിനാലു ദിവസം ഹോം ക്വാറന്റയിനിൽ കഴിയണമെന്ന് കളക്ടർ നിർദേശിച്ചു. ഏഴ് ആഴ്ച വരെ ഇവർ നിരീക്ഷത്തിൽ ബാത്ത് റൂം ഉള്ള മുറിയിൽ സ്വതന്ത്രമായി കഴിയേണ്ടതാണ്.

ജില്ലയിൽ 57 വിദേശികൾ വിവിധ റിസോർട്ടുകളിലായി നിരീക്ഷണത്തിലുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഹെൽപ്പ് സെന്ററിൽ 127 കോളുകൾ വരികയും ഇവയ്ക്കുള്ള പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളായ 4470 പേർക്ക് കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം നൽകിയിട്ടുണ്ട്.
അന്തർജില്ലാ യാത്രയ്ക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ കർശന നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ലോക്ക് ഡൗണിൽ ഇളവുണ്ടെന്ന പ്രതിതീയിൽ ആളുകൾ ടൗണുകളിലേക്ക് ഇറങ്ങുന്നുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. കർണാടകയിലേക്ക് അവശ്യസാധനങ്ങൾക്ക് പോകുന്ന ചരക്ക് വാഹനങ്ങൾക്ക് പാസ് ആവശ്യമെങ്കിൽ ബാവലി ചെക്ക് പോസ്റ്റിൽ അതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1053 വാഹനങ്ങളിലായി എത്തിയ 1330 ആളുകളെ സ്‌ക്രീനിംഗിന് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടില്ല.