കോഴിക്കോട് : കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ഭരണപ്രദേശമായ മാഹിയും മറ്റു ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കി. 24 മണിക്കൂറും പരിശോധനയുണ്ടാവും. പൊലീസ് സ്‌ക്വാഡുകൾ ഇടവഴികളിലടക്കം കർശന പരിശോധന നടത്തും. അതിർത്തികളിലെ നിരീക്ഷണ സ്‌ക്വാഡുകളിലേക്ക് ഒരു ആരോഗ്യപ്രവർത്തകനെ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നിയോഗിക്കും.
ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് വാഹനങ്ങളും പൊതുജനങ്ങളും പോവുന്നില്ലെന്ന് ഉറപ്പുവരുത്തണ്ടത് ഈ സ്‌ക്വാഡുകളുടെ ഉത്തരവാദിത്വമാണ്. അംഗീകൃത പാസില്ലാതെ ആർക്കും യാത്ര ചെയ്യാനാവില്ല. ജില്ലാ അതിർത്തി കടക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങൾക്കും അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടി വരുന്നവർക്കും മാത്രമാണ് ഇളവ്. തൊട്ടടുത്ത ബന്ധത്തിലുള്ളവരുടെ മരണം, ഗുരുതരാവസ്ഥയിലുള്ള ഏറ്റവും അടുത്ത ബന്ധുവിനെ സന്ദർശിക്കൽ, അടിയന്തര ചികിത്സയ്ക്കുള്ള യാത്ര എന്നിവയ്ക്കാണ് ഈ ഇളവ്.
ജില്ലാ അതിർത്തികളിൽ മോട്ടോർ വെഹിക്കിൾ സ്‌ക്വാഡുകളെയും നീരീക്ഷണത്തിനായി നിയോഗിക്കുന്നുണ്ട്. സ്‌ക്വാഡുകളുടെ പ്രവർത്തനം ഇൻസിഡന്റ് കമാൻഡർമാരായ തഹസിൽദാർമാരും താലൂക്ക്തല നോഡൽ ഓഫീസർമാരും ഏകോപിപ്പിക്കും.