mp

വടകര: തട്ടോളിക്കര മുണ്ടങ്ങാട്ട് വയലിലെ കണ്ണൂക്കര സ്വദേശി പ്രശാന്തിന്റെ മത്സ്യകൃഷി നശിപ്പിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് സ്ഥലം സന്ദർശിച്ചശേഷം കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വ രഹിതമായ അക്രമമാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ ഒരുകാൽ നഷ്ടപ്പെടുകയും മറ്റേകാൽ രോഗം കാരണം തളർന്നുപോവുകയും ചെയ്ത പ്രശാന്തിന്റെ ദയനീയ സ്ഥിതി കണ്ട് സുഹൃത്ത് വിനോദനാണ് കൃഷി ചെയ്യാൻ സ്ഥലം നൽകിയത്. മത്സ്യം, താറാവ് ,കോഴി എന്നിവയായിരുന്നു കൃഷി. കൃഷിയിടത്തിന് നേരെയുണ്ടാകുന്ന നിരന്തര അക്രമം കാരണം ആയിരക്കണക്കിന് മത്സ്യകുഞ്ഞുങ്ങളാണ് ചത്തുപോയതെന്ന് പ്രശാന്ത് പറഞ്ഞു. കെ. മുരളീധരൻ എം.പി ക്കൊപ്പം വടകര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു, അനീസ്, കുളങ്ങര ചന്ദ്രൻ, സജിത എന്നിവരുമുണ്ടായിരുന്നു.