കോഴിക്കോട്: ആശങ്കയൊഴിഞ്ഞ് ഒരു ദിവസം കൂടി. ജില്ലയിൽ ഇന്നലെയും കൊവിഡ് പോസിറ്റിവ് കേസില്ല. നിലവിൽ 17,407 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ടെന്ന് ഡി.എം.ഒ ഡോ.വി.ജയശ്രീ പറഞ്ഞു. പുതുതായി എത്തിയ 6 പേർ ഉൾപ്പെടെ 28 പേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ 25 പേരും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. മറ്റു 3 പേർ ബീച്ച് ആശുപത്രിയിലും. ഇന്നലെ 11 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
രോഗം ബാധിച്ച കോഴിക്കോട് സ്വദേശികളായ 13 പേരിൽ 7 ഏഴു പേരും 4 ഇതര ജില്ലക്കാരിൽ രണ്ടു പേരും രോഗമുക്തരായിരുന്നു. 6 കോഴിക്കോട്ടുകാരും 2 കണ്ണൂർ സ്വദേശികളുമാണ് ഇപ്പോൾ ചികിത്സയിൽ തുടരുന്നത്. ഇന്നലെ 19 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 526 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 499 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 482 എണ്ണം നെഗറ്റീവാണ്. 27 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലയിലെ കൊവിഡ് 19, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ഡി.എം.ഒ, ജില്ലാ സർവൈലൻസ് ഓഫീസർമാർ എന്നിവർ സംബന്ധിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കൊവിഡ് കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫീസർ സൂം കോൺഫറൻസിംഗിൽ ബാലുശ്ശേരി ബ്ലോക്ക് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരുമായി ചർച്ച നടത്തി. പുരുഷൻ കടലുണ്ടി എം.എൽ.എ യും സംബന്ധിച്ചു.
മുടങ്ങാതെ വീട് കയറി
ബോധവത്കരണം
പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വീട് കയറിയുള്ള ബോധവത്കരണം മുടങ്ങാതെ തുടരുന്നുണ്ട്. ഇന്നലെ 3,177 സന്നദ്ധസേന പ്രവർത്തകർ 5,290 വീടുകൾ സന്ദർശിച്ചു. സോഷ്യൽ മീഡിയയിലൂടെയും ബോധവത്കരണം തുടരുകയാണ്. മാനസിക സംഘർഷം കുറയ്ക്കാൻ മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ നാല് പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. 23 പേർക്ക് ഫോണിലൂടെ സാന്ത്വനം പകർന്നു.