hooch

കോഴിക്കോട്: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 390 ലിറ്റർ വാഷ് നശിപ്പിച്ചു. നാല് കേസുകളെടുത്തു. കക്കോടി മോരിക്കരയിൽ സർക്കിൾ ഇൻസ്‌പെക്ടർ സജിത് കുമാറിന്റെ നേതൃത്വത്തിൽ 70 ലിറ്റർ വാഷ് നശിപ്പിച്ചു. കൊയിലാണ്ടി പൂക്കാട്ടിൽ റെയിൽവേ പുറമ്പോക്കിൽ സൂക്ഷിച്ചിരുന്ന 70 ലിറ്റർ വാഷ് നശിപ്പിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, സി.ഇ.ഒമാരായ ദീനദയാൽ, പ്രജിത്ത് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

വിഷുക്കാലത്ത് വൻതോതിൽ വ്യാജവാറ്റ് നിർമ്മാണമുണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് രൂപീകരിച്ച സ്‌പെഷൽ സ്‌ക്വാഡ് ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസർ ബിജുമോൻ, സിവിൽ എക്‌സൈസ് ഓഫീസർ ദിനദയാൽ എന്നിവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി തൂവക്കോട് നിന്ന് 50 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.

സ്‌പെഷൽ സ്‌ക്വാഡ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, വി. ഷാഫി എന്നിവർ ചേർന്ന് ചേളന്നൂർ ഊട്ടുകുളം ഭഗവതി ക്ഷേത്രത്തിന് സമീപത്ത് നിന്ന് 200 ലിറ്റർ വാഷ് പിടിച്ചെടുത്ത് കേസെടുത്തു. വ്യാജമദ്യ നിർമാണം കൂടുന്നതിനാൽ ശക്തമായ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ നടത്തുമെന്ന് എക്‌സൈസ് സ്‌പെഷൽ സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.