കോഴിക്കോട്: അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾക്കായി പോയവരാണ് പലരും. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ചില സന്നദ്ധ സംഘടനകളുടെയും അയൽവാസികളുടെയും കരുണയിൽ കഴിയുന്നവർ നിരവധിയുണ്ട്. നിത്യരോഗികൾ വരെ അക്കൂട്ടത്തിലുണ്ട്. ലോഡ്ജിൽ കഴിയുന്നവർക്ക് വാടക കൊടുക്കാൻ കഴിയുന്നില്ല. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവർ ലോക്ക് ഡൗൺ നീട്ടിയതോടെ ഏറെ ആശങ്കയിലാണ്. ചെന്നൈ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, ഡൽഹി, ഹൈദരാബാദ്, മുംബയ്, ബംഗളൂരു, ഗുജറാത്ത് തുടങ്ങിയ നഗരങ്ങളിലാണ് മലയാളികൾ ഏറെയും കുടുങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.