covid-19

കോഴിക്കോട്: ജില്ലയിൽ കഴിഞ്ഞ ദിവസം കൊവിഡ് - 19 സ്ഥിരീകരിക്കപ്പെട്ടവരിൽ എടച്ചേരി സ്വദേശിയായ 35 -കാരന് വൈറസ് ബാധ കണ്ടെത്തിയത് വിദേശത്തു നിന്ന് വന്ന് 26 ദിവസത്തിന് ശേഷം മാത്രം.

ദുബായിൽ നിന്ന് മാർച്ച് 18ന് സഹോദരനൊപ്പം എത്തിയപ്പോൾ തന്നെ ഇദ്ദേഹത്തിന് പനി ഉണ്ടായിരുന്നു. രാത്രി പത്ത് മണിയോടെ വിമാനമിറങ്ങിയ ഇവർ പത്തരയോടെ ടാക്‌സിയിൽ വീട്ടിലേക്ക് തിരിച്ചു. വഴിമദ്ധ്യേ തിക്കോടിയിലെ തട്ടുകടയിൽ നിന്ന് രാത്രി 12 മണിയോടെ ഭക്ഷണം കഴിച്ചു. ആ സമയത്ത് അവിടെ കടയുടമയും വേറെ ഒരാളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഒരു മണിയോടെ ഇവർ വീട്ടിലെത്തി.

പനിയുള്ളതിനാൽ പിറ്റേന്ന് ഹെൽത്ത് ഇൻസ്‌പെക്ടറുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തിരക്കു തീരെ കുറവുള്ള സമയം നോക്കി ഉച്ചയ്ക്ക് രണ്ടരയോടെ സ്വകാര്യ വാഹനത്തിൽ എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി. പരിശോധനയ്ക്കു ശേഷം വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിഷ്‌കർഷിച്ചതിനാൽ മൂന്നു മണിയോടെ അതേ വാഹനത്തിൽ മടങ്ങി.
യുവാവിനെന്ന പോലെ കുടുംബത്തിലെ മറ്റു ചിലർക്കും രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ച പ്രകാരം മാർച്ച് 24ന് അഞ്ചരയോടെ സ്വകാര്യ വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. പരിശോധനകൾക്കു ശേഷം വീട്ടിൽ ഐസോലേഷനിൽ കഴിയാനായി വിട്ടു. രാത്രി പത്തരയോടെ അതേ വാഹനത്തിൽ മടങ്ങി.

ഏപ്രിൽ 11ന് ഇദ്ദേഹത്തിന്റെ കുടുംബാംഗത്തിന് രോഗം സ്ഥിരീകരിച്ചതോടെ വീട്ടുകാരെ മുഴുവൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. 12ന് സാമ്പിൾ പരിശോധനയ്ക്കയച്ചതിന്റെ ഫലം വന്നതോടെയാണ് യുവാവിനും പോസിറ്റീവാണെന്ന് കണ്ടത്.