kunnamangalam-news

കുന്ദമംഗലം: കൊവിഡിൽ നാടൊന്നാകെ ലോക്ക് ഡൗണായപ്പോൾ സഹായ വിതരണം മുതൽ കമ്മ്യൂണിറ്റി കിച്ചണിൽ വരെ വ്യാപകമായ പ്ലാസ്റ്റിക്ക് സഞ്ചികളെ തുരത്താൻ തുണി സഞ്ചിയുമായെത്തിയ വാർഡ് മെമ്പർ താരമായി. കുന്ദമംഗലം പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ബൈജുവാണ് തുണിസഞ്ചിയിൽ പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും നൽകി വേറിട്ട മാതൃക കാട്ടുന്നത്. വാർഡിലെ മുഴുവൻ ആളുകൾക്കും ഭക്ഷണക്കിറ്റുകൾ നൽകുവാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ 300 കിറ്റുകളാണ് വിതരണം ചെയ്യുക. സുഹൃത്തുക്കളുടെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ബൈജു പറഞ്ഞു.