കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായി ഇന്നലെ നഗരത്തിലെ വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ 150 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. മാത്തോട്ടം, അരക്കിണർ, രാമനാട്ടുകര, വെള്ളിമാടുകുന്ന്, കോവൂർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
നൂറ് കിലോ നെയ്മീനും 50 കിലോ മത്തിയുമാണ് നശിപ്പിച്ചത്. മൊബൈൽ ലാബിന്റെ സഹായത്തോടെയുള്ള പരിശോധനകളിൽ മത്സ്യങ്ങൾ പഴകിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നശിപ്പിച്ചത്. വേണ്ടത്ര ഐസ് ഇടാത്തത് കൊണ്ടാണ് മീൻ നശിച്ചത്. ഫോർമാലിനോ മറ്റു രാസവസ്തുക്കളോ മീനിൽ കണ്ടെത്തിയിട്ടില്ല. ഡോ. ജോസഫ് കുരിയാക്കോസ്, ഡോ. വിഷ്ണു ഷാജി, സി.എ. വിമൽ, സുബിൻ പുതിയോത്ത്, ഡോ. ജിതിൻ രാജ് എന്നിവരാണ് പരിശോധന നടത്തിയത്. ജില്ലയിൽ ലോക്ക് ഡൗൺ തുടങ്ങിയ ശേഷം നടന്ന പരിശോധനകളിൽ 3250 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു.